”ആളെ കിട്ടി, ഇതാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ദൈവദൂതന്‍”; സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തിയ കൊയിലാണ്ടിക്കാരനായ ആംബുലന്‍സ് ഡ്രൈവറെ പരിചയപ്പെടുത്തി കുന്ദമംഗലം സ്വദേശി റിയാസ്


കൊയിലാണ്ടി: ജോലിയ്ക്കിടെ ഗുരുതരമായ അപകടം സംഭവിച്ച് തന്നെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ച കൊയിലാണ്ടി സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ സന്തോഷം പങ്കിട്ട് കുന്ദമംഗലം സ്വദേശി റിയാസ്. ”ആളെ കിട്ടി ഇതാണ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ ദൈവദൂതന്‍ ഷാനിഫ് കൊയിലാണ്ടി… എന്നും എന്റെയും കുടുംബത്തിന്റെയും പ്രാര്‍ത്ഥനയില്‍ ഉണ്ടാവും” എന്നാണ് റിയാസ് ഷാനിഫിന്റെ ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

പള്ളിത്താഴത്തുവെച്ച് പ്ലൈവുഡ് കട്ട് ചെയ്യുന്നതിനിടെ ഹാന്‍ഡ് കട്ടര്‍ റിട്ടേണ്‍ അടിച്ചതിനെ തുടര്‍ന്നാണ് റിയാസിന് ഗുരുതരമായി പരിക്കേറ്റത്. ആ സമയത്ത് അതുവഴി പോയ ഷാനിഫിന്റെ ആംബുലന്‍സിലാണ് റിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഷാനിഫ് തക്ക സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയും രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ച് റിയാസിന് വേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കുകയുമായിരുന്നു.

Also Read: ”പിന്നീട് നടന്നതെല്ലാം ദൈവദൂതനായ ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശപ്രകാരം”; കൊയിലാണ്ടിക്കാരനായ ആംബുലന്‍സ് ഡ്രൈവറെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം

ആശുപത്രിയില്‍ നിന്നും മടങ്ങവെ ഷാനിഫിനോട് വാട്‌സ്ആപ്പില്‍ ഒരു മെസേജ് അയക്കാന്‍ പറഞ്ഞ് ഇരുവരും പിരിഞ്ഞെങ്കിലും സാങ്കിതികമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് റിയാസിന് വാട്‌സ്ആപ്പ് റിമൂവ് ചെയ്യേണ്ടിവരികയും ഷാനിഫിന്റെ നമ്പര്‍ നഷ്ടമാകുകയുമായിരുന്നു. തുടര്‍ന്നാണ് ഫേസ്ബുക്കിലൂടെ ആംബുലന്‍സ് ഡ്രൈവറെ അന്വേഷിച്ച് കുറിപ്പിട്ടത്.

”എന്റെ അപ്പോഴത്തെ ആ കണ്ടീഷനില്‍ അവന്റെ പേര് ഞാന്‍ ചോദിച്ചിരുന്നു എങ്കിലും എനിക്ക് ആ പേര് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.. അവരവരുടെ ആവശ്യം കഴിഞ്ഞാല്‍ തിരിഞ്ഞുനോക്കാത്ത സമൂഹമാണ് ഇന്ന് നിലകൊള്ളുന്നത്… അവന്‍ വിചാരിക്കുന്നുണ്ടാവും ഞാനും ആ മനുഷ്യത്വം ഇല്ലാത്ത സമൂഹത്തിന്റെ ഒരു ഭാഗമാണെന്ന്… അവനെ സംബന്ധിച്ചിടത്തോളം അവന്‍ എനിക്ക് നമ്പര്‍ തരികയും വാട്‌സപ്പില് ഹായ് വിടുകയും അവന്റെ പേര് വരെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.. എന്നിട്ടും ഞാന്‍ തിരിച്ച് ഒരു ഹായ് വിടുകയോ ഒന്ന് വിളിക്കുകയോ ചെയ്തിട്ടില്ലല്ലോ…” എന്ന് പറഞ്ഞ് അവസാനിക്കുന്ന കുറിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ആ ആംബുലന്‍സ് ഡ്രൈവര്‍ ഷാനിഫാണെന്ന് തിരിച്ചറിയാനായത്.