മധുരയിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് പ്രതിനിധിയായി പേരാമ്പ്രക്കാരൻ കുഞ്ഞഹമ്മദും
പേരാമ്പ്ര: മധുരയിൽ വെച്ച് നടക്കുന്ന സി.പി.ഐ.എം 24 ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ പേരാമ്പ്രയിൽ നിന്നും ടി.പി രാമകൃഷ്ണനെ കൂടാതെ ഒരാൾ കൂടി പ്രതിനിധിയായി പങ്കെടുക്കുന്നു. കൽപ്പത്തൂർ സ്വദേശി എൻ.കെ. കുഞ്ഞഹമ്മദാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന മറ്റൊരു പേരാമ്പ്രക്കാരൻ. ദുബൈയില്‍ നിന്നുള്ള പ്രതിനിധിയായി പേരാമ്പ്ര സ്വദേശി എന്‍. കെ കുഞ്ഞഹമ്മദ് പങ്കെടുക്കും. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധിയായാണ് പ്രവാസിയായ കുഞ്ഞഹമ്മദ് പാർട്ടി കോൺഗ്രസിന് എത്തിയത്.
മുഴുവന്‍ ജി.സി.സി രാജ്യങ്ങളില്‍നിന്നുമായി പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ആകെ രണ്ടു പ്രതിനിധികളില്‍ ഒരാളായിട്ടാണ് ദുബൈയില്‍നിന്നും ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയക്ടറുമായ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നത്.
യു.എഇയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓര്‍മയുടെ ആദ്യ കണ്‍വീനറായ ഇദ്ദേഹം കഴിഞ്ഞ മൂന്ന് ടേമിലും ലോക കേരള സഭാംഗമാണ് 1982 മുതല്‍ 92 വരെ എസ്.എഫ്.ഐയുടെ ജില്ലാ നേതൃത്വത്തില്‍ വിദ്യാര്‍ഥി രംഗത്തും പിന്നീട് ഡി.വൈ.എഫ്.ഐ ജില്ല നേത്യത്വത്തില്‍ യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവര്‍ത്തിച്ചുവന്നിരുന്നു.
സി.പി.എം കൽപ്പത്തൂർ ലോക്കല്‍ കമ്മിറ്റി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പ്രവാസം ആരംഭിക്കുന്നത്.
ദുബൈ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.