സ്റ്റേജ് മത്സരങ്ങള്‍ മെയ് 23, 24 തിയ്യതികളില്‍; കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് ഗംഭീരമാക്കാന്‍ കൊയിലാണ്ടിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി, സംഘാടക സമിതി രൂപീകരിച്ചു
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2023 സംഘാടക സമിതി രൂപകരിച്ചു. ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനകള്‍ നടന്നത്.
മെയ് 23, 24 തീയ്യതികളിലായി കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ചാണ് സ്‌റ്റേജ് മത്സരങ്ങള്‍ നടക്കുന്നത്. സ്‌റ്റേജിതര മത്സരങ്ങള്‍ മെയ് ഇരുപതിനും നടക്കും. മത്സരങ്ങളുടെയും നടത്തിപ്പിന്റെയും സംഘാടക സമിതി ചെയര്‍മാനായി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയെയും വൈസ് ചെയര്‍മാനായി കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കേപ്പാട്ടിനേയും ജനറല്‍ കണ്‍വീനറായി കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത്തിനെയും തിരഞ്ഞെടുത്തു.
വിവിധ ജനപ്രധിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ 201 അംഗ കമ്മിറ്റിയ്ക്കാണ് രൂപം നല്‍കിയത്.
സംഘാടക സമിതി രൂപീകരണ യോഗം ബഹുമാപ്പെട്ട കൊയിലാണ്ടി നിയോജക മണ്ഡലം എം.എല്‍.എ ശ്രീമതി കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സന്‍ ശ്രീമതി സുധ കിഴക്കേപ്പാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പന്തലായനി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, മേലടി ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍, അരിക്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ് എ.എം .സുഗതന്‍, നഗരസഭയുടെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ഇ.കെ.അജിത്, സി.പ്രജില, നിജില പറവകൊടി എന്നിവര്‍ ചടങ്ങിനു ആശംസകള്‍ നേര്‍ന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജേഷ്.ടി.ടി പദ്ധതി അവതരിപ്പിച്ചു.
കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജുമാസ്റ്റര്‍ ചടങ്ങിന് സ്വാഗതവും കൊയിലാണ്ടി നഗരസഭാ നോര്‍ത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ഇന്ദുലേഖ നന്ദിയും പറഞ്ഞു. കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ടി.കെ.ഷീബ, കൊയിലാണ്ടി നഗരസഭാ സൗത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ കെ.കെ.വിപിന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.