ഇനി വീറും വാശിയും നിറഞ്ഞ രണ്ടു നാള്‍; ‘അരങ്ങ്’ കുടുംബശ്രീ ജില്ലാ കലോത്സവം നാളെ കൊടിയേറും


കുടുംബശ്രീ 26-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് ജില്ലാതല കലോത്സവം മെയ്‌ 31ന് ആരംഭിക്കും. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മെയ് 31, ജൂണ്‍ 1 തീയ്യതികളിലായി നടക്കുന്ന കലോത്സവം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ സിന്ധു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽസിനിമാ-സീരിയല്‍ താരം വിനോദ് കോവൂര്‍ മുഖ്യാതിഥിയാവും.

കോഴിക്കോട് കോര്‍പറേഷന്‍ സെന്‍ട്രല്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ജാസ്മിൻ, അഴിയൂര്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു ജെയ്സണ്‍, കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ഷജീഷ്, കേരള ഗ്രാമീണ ബാങ്ക് റീജ്യണല്‍ മാനേജര്‍ രാഹുല്‍ കുമാര്‍ കെ, ലീഡ് ബാങ്ക് മാനേജര്‍ ജ്യോതിഷ് എസ്, ഐ ബി സി ബി ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീഷ്മ ശ്രീധര്‍ എന്നിവര്‍ സംസാരിക്കും.

ഒപ്പന, തിരുവാതിര, നാടോടി നൃത്തം, സംഘനൃത്തം, നാടകം, മാപ്പിളപാട്ട്, കവിത, നാടന്‍പാട്ട് തുടങ്ങിയ ഇനങ്ങളിലായി ജില്ലയിലെ നാല് ക്ലസ്റ്ററുകളിൽ നിന്ന് വിജയിച്ച സിഡിഎസുകള്‍ കലോത്സവത്തില്‍ മാറ്റുരക്കും. മെയ് 27, 28, 29 തീയതികളിലായി വടകര, കൊയിലാണ്ടി, ബാലുശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ക്ലസ്റ്റര്‍ മത്സരങ്ങള്‍ അരങ്ങേറിയത്.