”ഇനി ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്” പാരാ ബാഡ്മിന്റണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളി മെഡലിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന മുചുകുന്ന് സ്വദേശി കെ.ടി.നിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


ജിന്‍സി ബാലകൃഷ്ണന്‍
മുചുകുന്ന്: ഉഗാണ്ടയില്‍ നടന്ന പാരാ ബാഡ്മിന്റണ്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ വെള്ളിമെഡല്‍ നേട്ടവുമായി മുചുകുന്ന് സ്വദേശി കെ.ടി.നിതിന്‍ (കുട്ടു). സിംഗിള്‍സിലും ഡബിള്‍സിലും നിതിന്‍ വെള്ളി നേടി.
കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിലാണ് നിതിന്‍ ഈ നേട്ടം കൊയ്യുന്നത്. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി ഗ്രൂപ്പ് മത്സരിച്ച ഏക മലയാളിയാണ് നിതിന്‍.
ബ്ലൈന്റ് കാറ്റഗറിയില്‍ മത്സരിച്ചിരുന്ന നാട്ടുകാരനായ ജിനീഷ് വഴിയാണ് കായികരംഗത്ത് തന്നെപ്പോലുള്ളവര്‍ക്കുള്ള സാധ്യതയെക്കുറിച്ച് മനസിലാക്കിയതെന്ന് നിതിന്‍ പറയുന്നു. അങ്ങനെയാണ് കായിക മത്സരങ്ങളിലേക്ക് വരുന്നത്. ആദ്യഘട്ടത്തില്‍ ജാവലിന്‍ ത്രോ ഇനത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഈ ഇനത്തില്‍ സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയിട്ടുണ്ട്. പിന്നീടാണ് ബാറ്റ്മിന്റണിലേക്ക് തിരിയുന്നതെന്നും നിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഒരുമാസത്തോളമായി ഗുജറാത്തിലെ സായിയില്‍ (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) പരിശീലനത്തിനായിരുന്നു നിതിന്‍. ദേശീയതലത്തില്‍ ജംഷഡ്പൂരില്‍ നടന്ന മത്സരത്തിലെ മെഡല്‍ നേട്ടത്തോടെയാണ് നിതിന് സായിയില്‍ സെലക്ഷന്‍ ലഭിച്ചത്.

 


Also Read: ‘ജയവും തോല്‍വിയുമല്ല, ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്; ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍


ഇന്തോനേഷ്യയിലും ജപ്പാനിലും നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിലാണ് നിതിന്റെ ശ്രദ്ധയിപ്പോള്‍. ഈമത്സരങ്ങളില്‍ പങ്കെടുത്താല്‍ ബാഡ്മിന്റണ്‍ റാങ്കിംങ്ങില്‍ ഉള്‍പ്പെടും. അങ്ങനെ വന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനാവും. ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുകയെന്നതിനാണ് ഇപ്പോള്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതെന്നും നിതിന്‍ വ്യക്തമാക്കി.

മുചുകുന്ന് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി ബാലന്റെയും പ്രേമയുടെയും മകനാണ്. കൊളക്കാട് മിക്സഡ് എല്‍.പി സ്‌കൂളിലും മുചുകുന്ന് യു.പി സ്‌കൂളിലും കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബീകോം ബിരുദവും നേടി. സംസ്ഥാനതലത്തിലും ദേശീയ തലത്തിലുമുള്ള വിജയത്തോടെ ഗുജറാത്തിലെ സായിലേക്കാണ് നിധിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നരമാസമായി അവിടെയാണ്പരിശീലനം. തുടര്‍ന്നാണ് ഉഗാണ്ടയില്‍ മത്സരത്തിന് പോയത്.
പാരാ അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ ഇതിനകം നിരവധി മെഡലുകള്‍ ിതിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.