രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ കൊയിലാണ്ടിയിലും ശക്തമായ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കെ.എസ്.യു
കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ കൊയിലാണ്ടിയില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്.യു പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ദേശീയപാത ഉപരോധിച്ചു.
ഇത് ദേശീയ പാതയില്‍ വലിയ ഗാതാഗത കുരുക്കിന് ഇടയാക്കി. തുടര്‍ന്ന് കൊയിലാണ്ടി സി.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ.ജാനിബ്, അന്‍സല്‍ പെരുവട്ടൂര്‍, ജാസിം എ.കെ, നിഹാല്‍ മുത്താമ്പി എന്നീ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നിയോജക മണ്ഡലം ഭാരവാഹികാളായ അഭിനവ് തോറോത്ത്, പി. അഭിജിത്ത്, നിഹാല്‍, മഹേഷ് വികാസ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ച് നടത്തുകയും എം.പി ഓഫീസ് അടിച്ച് തകര്‍ത്ത പ്രവര്‍ത്തകര്‍ ഓഫീസില്‍ വാഴ നടുകയുമായിരുന്നു. ഇന്ന് വൈകുന്നേരം കല്‍പ്പറ്റയിലായിരുന്നു സംഭവം.
ഓഫീസിലേക്ക് തള്ളിക്കയറിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ച ഓഫീസ് ജീവനക്കാരന്‍ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെയും മര്‍ദ്ദിച്ചിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തി വീശി.