പയ്യോളി കോടതിയ്ക്ക് മുന്‍വശത്തെ വെള്ളക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് കുടുങ്ങി, കെട്ടിവലിച്ചെടുത്തത് ജെ.സി.ബി യുടെ സഹായത്താല്‍, വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് യാത്രക്കാര്‍


പയ്യോളി: പയ്യോളി കോടതിയ്ക്ക് മുന്‍വശം വെള്ളക്കെട്ട് രൂപപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ്സ് താഴ്ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കര്‍ണ്ണാടക കെ.എസ്.ആര്‍.ടിസി ബസ്സാണ് റോഡിന് സമീപത്തെ മണ്ണിട്ടിടത്ത് താഴ്ന്ന്‌പോയത്. ഇതോടെ വലിയ ബ്ലോക്കാണ് അന്ന് രാത്രി ഉണ്ടായത്.

ഹൈവേ പോലീസും പയ്യോളി പോലീസും സ്ഥലത്തെത്തി ജെ.സി.ബി കെട്ടിവലിച്ചാണ് ബസ്സ് റോഡില്‍ നിന്നും മാറ്റിയത്. ഏകദേശം പുലര്‍ച്ചെ 3 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. മഴ പെയ്താല്‍ ഇവിടെ റോഡ് ഏതാണെന്ന് മനസ്സിലാകാന്‍ കഴിയാത്ത് സ്ഥിതിയാണെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രാത്രി ഏറെ വൈകിയതിനാല്‍ വഗാഡ് വണ്ടി വിളിച്ചാണ് കെ.എസ്.ആര്‍.ടി.സി ബസ്സ് റോഡില്‍ നിന്നും മാറ്റാനായതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. റോഡ് സൈഡിലൂടെയുള്ള വിടവ് മണ്ണിട്ട് നികത്തുന്നതിനാല്‍ വെള്ളം ഒഴിഞ്ഞ് പോകാനും സ്ഥലമില്ലാതെയായി.

മഴപെയ്തല്‍ ഇതിലൂടെയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാണെന്നാണ് യാത്രക്കാരുടെ പരാതി. വെള്ളക്കെട്ട് മാറ്റാന്‍ നിലവില്‍ യാതൊരു മാര്‍ഗവുമില്ലെന്നും ഉടനെ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്. കൂടാതെ സമീപത്തെ പെട്രോള്‍ പമ്പിനടുത്തും സമാനമായ രീതിയിലുളള വെളളക്കെട്ട് രൂപപ്പെടാറുണ്ടെന്നും യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞദിവസം ഇവിടെ വാഹനാപകടത്തില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. എത്രയും പെട്ടെന്ന് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.