‘പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; പയ്യോളിയില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയുമായി കെ.എസ്.കെ.ടി.യു


പയ്യോളി: കെ.എസ്.കെ.ടി.യു പയ്യോളി നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും നിവേദന സമര്‍പ്പണവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി നോര്‍ത്ത് മേഖലാ സെക്രട്ടറി എം.പി.ബാബു അധ്യക്ഷനായി.

പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടയം നല്‍കാത്ത നഗറുകളില്‍ ഉടന്‍ പട്ടയം നല്‍കുക, തച്ചന്‍കുന്ന് കരിമ്പില്‍ നഗര്‍, ചിറക്കര വയല്‍, മൂലം തോട് ഭാഗങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക, തച്ചന്‍കുന്ന് കരിമ്പില്‍ നഗറില്‍ ഡ്രെയിനേജ് കം ഫുട്പാത്ത് നിര്‍മ്മിക്കുക, ചിറക്കരവയല്‍ നടപ്പാത നഗരസഭ നല്‍കിയ ഉറപ്പ്പാലിക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഏരിയ സെക്രട്ടറി എന്‍.സി.മുസ്തഫ, പി.എം.ഉഷ, രാജന്‍ പടിക്കല്‍, കെ.വിനീത എന്നിവര്‍ സംസാരിച്ചു. പയ്യോളി സൗത്ത് മേഖല സെക്രട്ടറി എം.വി.ബാബു സ്വാഗതവും എന്‍.ടി.രാജന്‍ നന്ദിയും പറഞ്ഞു.