കറണ്ട് ബില്‍ ഇനി എസ്.എം.എസ് രൂപത്തില്‍; കെ.എസ്.ഇ.ബി നൂറുദിവസം കൊണ്ട് പൂര്‍ണ ഡിജിറ്റല്‍ ആകും
കോഴിക്കോട്: വൈദ്യുതി ബില്‍ ഇനി ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് സന്ദേശമായി എത്തും. ഇനി മുതല്‍ കടലാസില്‍ പ്രിന്റെടുത്ത് നല്‍കുന്ന രീതിയുണ്ടാവില്ല. നൂറുദിവസം കൊണ്ട് കെ.എസ്.ഇ.ബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണിത്.
കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ ഒഴഇകെ മറ്റെല്ലാ ഉപയോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ ഒരുശതമാനം അധിക തുക ഈടാക്കുന്ന കാര്യവും ബോര്‍ഡിന്റെ പരിഗണനയിലുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവുണ്ടാകും. കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് പത്തുശതമാനം ഫീസ് വര്‍ധിപ്പിക്കും. ബി.പി.എല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.
ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ സമ്പൂര്‍ണമായ ഇ പെയ്‌മെന്റ് ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. സബ്‌സിഡി ഉപയോക്താക്കള്‍ക്ക് ഇത് ബാധകമല്ല. കണ്‍സ്യൂമര്‍ നമ്പര്‍ തന്നെ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇത് ഒരുമാസത്തിനകം നടപ്പാക്കും.