ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ പ്രതിഷേധം: കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്


കൊയിലാണ്ടി: കഴിഞ്ഞ രണ്ടുദിവസമായി ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പുറത്തുപോയ ജീവനക്കാര്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി കെ.എസ്.ഇ.ബിയില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് ഉച്ചമുതല്‍ ജീവനക്കാര്‍ ഓഫീസിനു പുറത്തുള്ള ജോലികള്‍ ബഹിഷ്‌കരിക്കും.

അതിനുശേഷവും നടപടിയുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ സമരം തൊഴില്‍ സുരക്ഷ ഉറപ്പാക്കുംവരെ അനിശ്ചിതകാലസമരം തുടരുമെന്നും ജീവക്കാരുടെ കമ്മിറ്റി പ്രതിനിധികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഓഫീസിനു പുറത്ത് ജോലിയ്ക്ക് പോകുന്നവര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പുറത്തെ ജോലികളുമായി ഇന്ന് ഉച്ചമുതല്‍ ജീവനക്കാര്‍ സഹകരിക്കേണ്ടെന്നാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ സംയുക്ത യൂണിയന്‍ തീരുമാനം. കഴിഞ്ഞദിവസം കറണ്ട് ബില്‍ അടയ്ക്കാത്തതിന് കണക്ഷന്‍ കട്ട് ചെയ്യാന്‍ പോയ ജീവനക്കാരനെ ഉപഭോക്താവ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ജീവനക്കാരന്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ഇന്ന് ഉച്ചയ്ക്ക് പെരുവട്ടൂരില്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ നോട്ടീസ് നല്‍കാനെത്തിയ സുനീഷ് എന്ന ലൈന്‍മാന്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാരുടെ മിന്നല്‍ സമരം.

ഇന്നലെ ജീവനക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് രജീഷ് വെങ്ങളത്തുകണ്ടിയെന്നയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല. സംഭവം നടന്ന 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത പൊലീസ് ഇതുസംബന്ധിച്ച് ആരോപണ വിധേയന്‍ നല്‍കിയ കൗണ്ടര്‍ പരാതി സ്വീകരിക്കുകയാണ് ചെയ്തത്. ഈ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നുമാണ് ജീവനക്കാരുടെ കമ്മിറ്റി പ്രതിനിധികള്‍ പറയുന്നത്.

ഇന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ നേരിട്ട് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി വിശദമായ പരാതി നല്‍കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. വടകര ഡിവിഷന്‍ എക്‌സിക്യുട്ടീവ് ജീവനക്കാരെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായും അവര്‍ അറിയിച്ചു.

ഇന്നലത്തെ സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിക്കാര്‍ സ്ഥിരം പ്രശ്‌നക്കാരാണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടക്കുന്നതായി സംശയമുണ്ടെന്നും അതിന്റെ ഭാഗമാണ് ഇന്നത്തെ ആക്രമണമെന്നും ജീവനക്കാര്‍ പറയുന്നു.