ഒരു കണ്ണൂര്‍ സ്‌ക്വാഡ് മോഡല്‍!! ; ഡീപ് ഫേക്ക് സാമ്പത്തികതട്ടിപ്പിലെ കുറ്റവാളികളെ അവരവരുടെ സംസ്ഥാനങ്ങളില്‍ പോയി അറസ്റ്റ് ചെയ്ത് ‘കോഴിക്കോട് സ്‌ക്വാഡ്’


കോഴിക്കോട്: എ.ഐയുടെ സഹായത്തോടെ വ്യാജവീഡിയോയും ശബ്ദവും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത്് ‘കോഴിക്കോട് സ്‌ക്വാഡ്. അടുത്തിടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ രാജ്പാല്‍ മീണയുടെയും ഡി.സി.പി. അനൂജ് പലിവാളിന്റെയും മേല്‍നോട്ടത്തില്‍ ഒരു സംഘത്തെ നിയോഗിക്കുകയായിരുന്നു. തട്ടിപ്പില്‍ നഷ്ടപ്പെട്ടത് വലിയ തുക അല്ലാതിരുന്നിട്ടും സംഘം മുന്‍കൈയെടുത്ത് കുറ്റവാളികളുടെ സംസ്ഥാനങ്ങളില്‍ പോയാണ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍മീഡിയ വഴി മുതിര്‍ന്ന പൗരമ്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യാജവീഡിയോയാക്കും. ഇവരിലാരെങ്കിലും രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലാണെന്നും അടിയന്തര ചികിത്സയ്ക്ക് സംഘം ബന്ധുക്കളോട് പണമാവശ്യപ്പെടും. ഫോണില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ വീഡിയോകോളിലൂടെ വ്യാജവീഡിയോ കാണിക്കും. ഇങ്ങനെ 40,000 രൂപ നല്‍കിയ പാലാഴി സ്വദേശി രാധാകൃഷ്ണന്റെ പരാതിയിലാണ് കോഴിക്കോട് പോലീസ് കുറ്റവാളികളെ അവസാനം വലയിലാക്കിയത്.

ഗുജറാത്ത് സ്വദേശികളായ കൗശല്‍ ഷാ, ഷേഖ് മുന്‍തഹയാത് ഭായ്, മഹാരാഷ്ട്ര സ്വദേശികളായ സിദ്ധേഷ് ആനന്ദ് കാര്‍വേ, അമരീഷ് അശോക് പാട്ടീല്‍ എന്നിവര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. ഹൈദരാബാദ് സ്വദേശി പ്രശാന്ത് എന്ന മുഹമ്മദലി(38)യാണ് അവസാനം അറസ്റ്റിലായത്.

കമ്മിഷണര്‍ രാജ്പാല്‍ മീണയുടെയും ഡി.സി.പി. അനൂജ് പലിവാളിന്റെയും മേല്‍നോട്ടത്തില്‍ സൈബര്‍ സബ് ഡിവിഷന്‍ അസി. കമ്മിഷണര്‍ പ്രേംസദന്‍, ഇന്‍സ്‌പെക്ടര്‍ വിപിന്‍ ചന്ദ്രന്‍, എസ്.ഐ.മാരായ പ്രകാശ് പി. ഒ. മോഹന്‍ദാസ്, സീനിയര്‍ സി.പി.ഒ.മാരായ ബീരജ് കുന്നുമ്മല്‍, രഞ്ജിത്ത് ഒതയമംഗലത്ത്, രാജേഷ് ജോര്‍ജ്, പി. ശ്രീജിത്ത്, ജിതേഷ്, പ്രകാശന്‍ എന്നിവരാണ് കുറ്റവാളികളെ പിടികൂടിയ സംഘത്തിലുള്ളത്.