കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/03/2022)
പ്രാദേശിക സര്‍ക്കാര്‍ ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
നവകേരള തദ്ദേശകം – 2022 കോഴിക്കോട് ജില്ലാതല യോഗം സംഘടിപ്പിച്ചു
പ്രാദേശിക സര്‍ക്കാര്‍ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസന്മാരാണ്. എല്ലാ സംവിധാനങ്ങളും ഈ രീതിയിലേക്കാണ് മാറേണ്ടത്. പ്രാദേശിക ഗവണ്‍മെന്റിന്റെ ഭാഗമായി വരുന്ന ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂര്‍ണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണെന്ന ബോധ്യമുണ്ടാവണമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
പാവപ്പെട്ടര്‍ക്ക് വീട്, അഭ്യസ്ഥവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ യുവതി – യുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാര്‍ത്ഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. ഭൂരഹിതരും ഭവനരഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി മനസ്സോടിത്തിരി മണ്ണ് കാമ്പയിന്‍ വഴി സുമനസ്സുകളില്‍ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണം. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നവകേരള തദ്ദേശകം – 2022 കോഴിക്കോട് ജില്ലാതല അവലോകന യോഗത്തില്‍ ടൗണ്‍ഹാളില്‍നടന്ന പരിപാടിയില്‍ തദ്ദേശസ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന് 18 സെന്റ് സ്ഥലം നല്‍കിയ വി. രാധ ടീച്ചറെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. പരിപാടിയില്‍ അതിദരിദ്ര നിര്‍ണയ പ്രക്രിയയുടെ ഡോക്യുമെന്റേഷന്‍ പ്രകാശനം ചെയ്തു. ഗവ. അര്‍ബന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് ഡോക്യുമെന്റ് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാകലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ്, മുനിസിപ്പല്‍ ചേമ്പര്‍ പ്രതിനിധി എന്‍.സി. അബ്ദുള്‍ റസാഖ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് മാസ്റ്റര്‍, ചീഫ് എന്‍ജിനീയര്‍ കെ. ജോണ്‍സന്‍, അസി. ജില്ലാ വികസന കമ്മീഷണര്‍ വി.എസ്. സന്തോഷ്‌കുമാര്‍, ജോയന്റ് ഡയറക്ടര്‍ ജ്യോത്സ്‌ന മോള്‍, ടൗണ്‍ പ്ലാനര്‍ ആയിഷ തുടങ്ങിയവര്‍ പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജോയന്റ് ഡയറക്ടര്‍ ഡി. സാജു നന്ദി പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനാചാരണം: ജില്ലാതല പരിപാടികള്‍ നടന്നു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല പരിപാടികള്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്സണ്‍ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. സുസ്ഥിരമായ നാളേയ്ക്കു വേണ്ടി ഇന്നു വേണം ലിംഗസമത്വം എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ യു.എന്‍. ആപ്തവാക്യം. പെണ്‍കുട്ടികള്‍ സ്വയം പര്യാപ്തത നേടിക്കൊണ്ടിരിക്കുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിച്ച പി. വി. ജമീല പറഞ്ഞു. സുരക്ഷിതത്വത്തിന്റെ ആദ്യ പാഠങ്ങള്‍ തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണെന്നു മനസ്സിലാക്കി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ലിംഗ സമത്വം ഉറപ്പു വരുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം. വിമല അധ്യക്ഷത വഹിച്ചു. വനിതാസംരക്ഷണ ഓഫീസര്‍ ഡോ. എ. കെ. ലിന്‍സി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അംബിക മംഗലത്ത്, പി.ടി.എം. ഷറഫുന്നീസ ടീച്ചര്‍, നജ്മ, റംസീന, സുധ തമ്പളത്ത് എന്നിവര്‍ ആശംസ അറിയിച്ചു. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് പി.എം. ഗീത ജെന്‍ഡര്‍ അവയര്‍നസ്സ് എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. വിമന്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജോയ്സ് ജോസഫ് നന്ദി പറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, വനിതാ ജീവനക്കാര്‍ എന്നിവരുടെ കലാപരിപാടികളും വേദിയില്‍ നടന്നു.
ജില്ലാതല പരിപാടികളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. നാസര്‍ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിതാ സംരക്ഷണ ഓഫീസര്‍ ഡോ. എ. കെ. ലിന്‍സി സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി സമാപന സമ്മേളനത്തില്‍ സംസാരിച്ചു. ജില്ലാ തലത്തില്‍ ഉജ്ജ്വല ബാല്യ പുരസ്‌കാരം നേടിയ വിജയികളെ ചടങ്ങില്‍ ആദരിച്ചു. ചിത്രരചന വിഭാഗത്തില്‍ ജഹാന്‍ ജോബി, കഥാരചനയില്‍ ധ്യാന്‍ ചന്ദ്, ശാസ്ത്ര സാങ്കേതിക മേഖലയില്‍ ആര്യ രാജ എന്നിവരാണ് പുരസ്‌കാരത്തിനു അര്‍ഹരായത്.വേദിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും വനിതാരത്‌നം പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടവരെയും ആദരിച്ചു. ഡോ. പ്രിയ മേനോന്‍, ദീപ ജോസഫ്, എം. സി. അര്‍ജുന, പി. സ്നേഹപ്രഭ, ഡോ. ഫാത്തിമ അസ്ല എന്നിവരെയാണ് ആദരിച്ചത്. ജില്ലാ വനിതാശിശു വികസന വകുപ്പ് ജൂനിയര്‍ സൂപ്രണ്ട് ടി. എം. സുനീഷ്‌കുമാര്‍ നന്ദി പറഞ്ഞു.
മുലയൂട്ടല്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു
കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ച മുലയൂട്ടല്‍ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വഹിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷയായി. 2,20,000 രൂപയാണ് നിര്‍മ്മാണച്ചെലവ്. ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, ആരോഗ്യ വിഭ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീബ സുനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം. പി കുഞ്ഞിരാമന്‍ കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ മോഹന്‍ദാസ് മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കോളിയോട്ട്താഴം കനാല്‍പാലം ഉദ്ഘാടനം ചെയ്തു.
കക്കോടി ഗ്രാമപഞ്ചായത്തിലെ കോളിയോട്ട്താഴം കനാല്‍പാലം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീബ അധ്യക്ഷത വഹിച്ചു. എം.എല്‍.എ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇരുകരകളിലെയും ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
അസി.എഞ്ചിനീയര്‍ സുജാത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം കൈതമോളി മോഹനന്‍, പഞ്ചായത്ത് അംഗങ്ങളായ അജിത നെരവത്ത്, ഗിരീഷ് കുമാര്‍ ഇ.എം, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുക്കം ടൗണ്‍ പരിഷ്‌കരണ പ്രവൃത്തികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കും
മുക്കം ടൗണ്‍ പരിഷ്‌കരണ പ്രവൃത്തികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കാന്‍ ലിന്റോ ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. 2019-20 സംസ്ഥാന ബജറ്റില്‍ 7.5 കോടി രൂപ അനുവദിച്ച് ആരംഭിച്ച പ്രവൃത്തിയില്‍ ടാറിംഗ്, ഇന്റര്‍ലോക്ക്, ലൈറ്റിംഗ്, ടൈല്‍ വിരിക്കല്‍, ഗാര്‍ഡനിംഗ് തുടങ്ങിയവയാണ് അവശേഷിക്കുന്നത്.
സംസ്ഥാന പാതയില്‍ വൈദ്യുതിപോസ്റ്റുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രില്‍ 20 ന് പ്രവൃത്തി പൂര്‍ത്തിയാക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മീഡിയനുകളിലെ പൂന്തോട്ട പരിപാലനം മുക്കം നഗരസഭ നിര്‍വ്വഹിക്കുമെന്നും യോഗം തീരുമാനിച്ചു.
നഗരസഭ കൗണ്‍സിലര്‍ പ്രജിത പ്രദീപ്, റോഡ്സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്‌സി. എഞ്ചിനീയര്‍ ജി.കെ വിനീത് കുമാര്‍, അസി. എഞ്ചിനീയര്‍ വിജകൃഷ്ണന്‍ വി, ഓവര്‍സിയര്‍ ജിനീഷ്, കെ.എസ്.ഇ.ബി അസി. എഞ്ചിനീയര്‍ ബിന്ദു വി.പി തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹിക അടുക്കളയെന്ന ലക്ഷ്യത്തിനായി സമൂഹത്തെ പ്രാപ്തമാക്കണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അന്താരാഷ്ട്ര വനിതാദിനം – സംസ്ഥാനതല ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
കോഴിക്കോട് : സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക അടുക്കള യാഥാര്‍ത്ഥ്യമാകാന്‍ പാകത്തില്‍ സമൂഹത്തെ സ്ത്രീപക്ഷമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീസമൂഹം നേതൃത്വം നല്‍കണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സാമൂഹിക അടുക്കളകള്‍ നടപ്പിലാക്കിയാല്‍ സ്ത്രീകളെ വീടുകളില്‍ തളച്ചിടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടിത വനിത പ്രസ്ഥാനമാണ് കുടുംബശ്രീ. 45.44 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിനായി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്. ദാരിദ്ര്യലഘൂകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മാറാനും കുടുംബശ്രീക്ക് സാധിച്ചു.
സ്ത്രീധനമുള്‍പ്പടെ നിരവധി കാര്യങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെല്ലാമെതിരെ അതിശക്തമായി പ്രതികരിക്കാന്‍ കഴിയുന്ന പ്രസ്ഥാനം കുടുംബശ്രീ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിനതീധമായി എല്ലാ വിഭാഗത്തില്‍പെട്ട സ്ത്രീകളെയും ഉള്‍ക്കൊള്ളിച്ച് കരുത്തോടെ മുന്നോട്ട് പോവുന്ന പ്രസ്ഥാനം വേറെയില്ല. കുടുംബശ്രീ ഒരു ജനക്കൂട്ടമല്ല, മറിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള ഒരോ കടന്നാക്രമണത്തെയും പ്രതിരോധിക്കുന്നതിനുള്ള കൂട്ടായ്മയിലെ മുന്‍പന്തിയില്‍ നിന്ന് പൊരുതുന്നവരാണെന്ന് തെളിയിച്ചിട്ടുണ്ട്.
18 മുതല്‍ 40 വരെ പ്രായമുള്ള വനിതകളെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ ഭാഗമാക്കി 20000ത്തോളം യൂണിറ്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം സംരഭകരെ ഒരുവര്‍ഷം കൊണ്ട് കണ്ടെത്താന്‍ തൊഴില്‍ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും പൊതുഭരണവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 20000ത്തോളം വരുന്ന യൂണിറ്റുകളില്‍ നിന്ന് വനിതസംരഭകരെ കണ്ടെത്താന്‍ സാധിക്കും. ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനും സാധിക്കും. സ്വയംതൊഴില്‍ കണ്ടെത്താനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനും കുടുംബശ്രീ അംഗങ്ങള്‍ക്ക് സാധിക്കണം. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കുടുംബശ്രീ വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായുള്ള സ്ത്രീശക്തി സംസ്ഥാന കലാജാഥ ഉദ്ഘാടനവും ലഹരിവിരുദ്ധ പ്രചാരണപരിപാടിയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തീം സോങ് പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു. സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന് വേണ്ടി കുടുംബശ്രീ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമാണെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയും കോഴിക്കോട് കോര്‍പ്പറേഷനും എക്സൈസ് വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ‘വിവേചനങ്ങളെ തകര്‍ത്തു കൊണ്ട് സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗപദവി തുല്യത കൈവരിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിന സന്ദേശം. ലഹരിവിരുദ്ധ ബോധവത്കരണ പ്രചാരണ വീഡിയോ പ്രകാശനം ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡിക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. ഓക്സിലറി ഗ്രൂപ്പ് ചര്‍ച്ചാ റിപ്പോര്‍ട്ട്, സര്‍വ്വേ റിപ്പോര്‍ട്ട് എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
പി.ടി.എ റഹീം എം.എല്‍.എ, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ ശ്രീവിദ്യ, ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ജി.പ്രദീപ്, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പര്‍ കെ.കെ ലതിക, മലയാള നാടകകൃത്ത് കരിവള്ളൂര്‍ മുരളി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതകളെ ആദരിച്ചു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആര്‍.സോണിമ, അറബികില്‍ ഡോക്ടറേറ്റ് നേടിയ എ.കെ സഫീന, മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ച കെ.കെ വിദ്യ, വോളിബോള്‍ സംസ്ഥാന റഫറിയായി തിരെഞ്ഞെടുക്കപ്പെട്ട കെ.എം സുജ എന്നിവരെയാണ് ആദരിച്ചത്.
പരിപാടിയുടെ മുഴുവന്‍ നിയന്ത്രണവും വനിതകള്‍ക്കായിരുന്നു. വില്ലേജ് ഓഫീസര്‍ പി.ഒ ശ്രീജ,ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ നീതു കുര്യാക്കോസ്, മെമ്പര്‍മാരായ സുമ മലയില്‍, തായന ബാലാമണി, കെ.കെ ഷൈനി, കെ.സി. സിത്താര, കെ.എം സുജ, അനീഷ പ്രദീപ്, സി.പി ഫാത്തിമ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചികിത്സക്കായി പിരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചേളന്നൂര്‍ പഞ്ചായത്തിലെ ചികിത്സാധനസഹായ കമ്മിറ്റിവക 4.45 ലക്ഷം രൂപ. രക്തക്കുഴലുമായി ബന്ധപ്പെട്ട അസുഖം ബാധിച്ച് മരണപ്പെട്ട നമ്പ്യാംപുറത്ത് താഴത്ത് സതീശന്റെ ചികിത്സക്കായി സ്വരൂപിച്ച തുകയാണ് സി.എം.ഡി.ആര്‍.എഫിലേക്ക് സംഭവനയായി നല്‍കുന്നത്. ചികിത്സക്ക് ആവശ്യമായ തുക സ്വരൂപിച്ചിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്തും മുന്‍പേ സതീശന്‍ അന്തരിക്കുകയായിരുന്നു.
ഈ തുക കുടുംബത്തിന് കൈമാറാന്‍ ചികിത്സാ ധനസഹായ കമ്മിറ്റി തീരുമാനിച്ചെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. ഏതെങ്കിലും വിധത്തിലുള്ള അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ തുക ഉപകാരപ്പെടും എന്ന ചിന്തയാണ് ഒടുവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാമെന്ന തീരുമാനത്തില്‍ എത്തിയത്. കമ്മിറ്റിയില്‍ നിന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫണ്ട് ഏറ്റുവാങ്ങി. നമ്പ്യാംപുറത്ത് താഴത്ത് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എ.കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചികിത്സധനസഹായകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
ബസ് കാത്തിരിപ്പുകേന്ദ്രം നാടിന് സമര്‍പ്പിച്ചു
ചക്കിട്ടപാറയിലെ ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നാടിന് സമര്‍പ്പിച്ചു. 2021- 2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചത്. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ ബിന്ദു സജി, ബാബു കോഴിപ്പള്ളി, വി.സി സുനില്‍, സത്യന്‍ എടത്തില്‍, ഷീജ ഷെല്ലി, ജിഷ ഷിനത്ത് എന്നിവര്‍ സംസാരിച്ചു.
എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പുതിയാപ്പ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിച്ച എസ്.പി.സി യൂണിറ്റ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികമായും അക്കാദമികമായും സ്‌കൂളിലെ കുട്ടികള്‍ക്ക് മുന്നേറാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും സമൂഹം പ്രതീക്ഷിക്കുന്ന നന്മക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി.സി അനുവദിച്ചു കിട്ടിയ ജില്ലയിലെ രണ്ടാമത്തേയും കോര്‍പ്പറേഷനിലെ ആദ്യത്തേയും ഹയര്‍ സെക്കന്‍ഡറിയാണ് പുതിയാപ്പയിലേത്. 44 കുട്ടികള്‍ അടങ്ങുന്ന യൂണിറ്റിന്റെ പരിശീലനം ഈ വര്‍ഷം തന്നെ ആരംഭിക്കും. വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ രണ്ട് ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരാണ് പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷം അനുവദിച്ച എന്‍.എസ്.എസ് യൂണിറ്റിനോടൊപ്പം തന്നെ തീരദേശ മേഖലയുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ക്യാമ്പ് അടക്കമുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ എസ്.പി.സിയുടെ നേതൃത്തില്‍ നടത്താനാകുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എസ്.എല്‍ സ്റ്റെല്ല ലിന്‍സി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ജസീന്ത ജോര്‍ജ് സ്വാഗതം പറഞ്ഞു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ടി.ജയകുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ധനേഷ്, വെള്ളയില്‍ സ്റ്റേഷന്‍ സി.ഐ ഗോപകുമാര്‍, എസ്.ഐമാരായ യു.സനീഷ്, ബാലകൃഷ്ണന്‍, എസ്.പി.സി എ.ഡി.എന്‍. ഷിബു മൂടാടി, എച്ച്.എം.പി മുഹമ്മദ് കോയ, പി.ടി.എ പ്രസിഡന്റ് എം.കെ ജിതേന്ദ്രന്‍, വി ഉമേഷ്, ഷാജി തുരുത്തിയില്‍ എന്നിവര്‍ പങ്കെടുത്തു. എസ്.പി.സി സി.പി.ഒ പി. അബ്ദുല്‍ ജബ്ബാര്‍ നന്ദി പറഞ്ഞു.
കാര്‍ഷിക വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി ജില്ലാതല അവാര്‍ഡ്ദാനം ഉദ്ഘാടനം ചെയ്തു
കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന ശാക്തീകരണ പദ്ധതി 2021 – 22 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല അവാര്‍ഡ്ദാന ചടങ്ങ് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക സംസ്ഥാനമെന്ന നിലയില്‍ കൃഷിക്കും കര്‍ഷകര്‍ക്കും എന്നും പ്രാധാന്യം നല്‍കുന്ന കേരളം കാര്‍ഷിക രംഗത്ത് ഇനിയും സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചെവിക്കൊള്ളാതെ മുന്നോട്ടു പോകാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി ഇന്ത്യന്‍ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിക്കുകയും ചെയ്തു. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത് ഏറ്റവും മഹത്തരമായ രാഷ്ട്ര സേവനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു ലക്ഷം രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ സ്വാഗതം പറഞ്ഞു. കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ മുകുന്ദ് കുമാര്‍ ഐ.എ.എസ്. നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പി. ശിവാനന്ദന്‍ പച്ചക്കറി കൃഷി അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ പി. ആര്‍. രമാദേവി എന്നിവര്‍ ആശംസ അറിയിച്ചു. കോഴിക്കോട് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ. പുഷ്പ നന്ദി പറഞ്ഞു.
സര്‍വീസ് റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കും – മന്ത്രി എ.കെ ശശീന്ദ്രന്‍
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പടി – ചെറുകുളം ഭാഗത്ത് നിലനില്‍ക്കുന്ന നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍ എച്ച് എ ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ ഭാഗത്ത് അണ്ടര്‍പാസും കള്‍വര്‍ട്ടുകളും ഉള്ളതിനാല്‍ വീടുകള്‍ക്കും യാത്രക്കാര്‍ക്കും പ്രയാസകരമല്ലാത്ത രീതിയില്‍ സര്‍വീസ് റോഡുകള്‍ ക്രമീകരിക്കും. അതിനായി സ്ഥലം സന്ദര്‍ശിച്ച് ശാസ്ത്രീയ പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അണ്ടര്‍പാസിന് 4.5 മീറ്ററാണ് ഉയരം. നിലവിലുള്ള റോഡ് ഉയരം കുറച്ച് എച്ച്.ടി.എല്ലിന്റെ ഉയരത്തിനനുസരിച്ച് അടിഭാഗം ക്രമീകരിക്കാനുള്ള സാധ്യതയും തേടി. ഹൈവേ വന്നതിന്റെ ഭാഗമായി മൊകവൂര്‍ – അമ്പലപ്പടി ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വെള്ളക്കെട്ട് പ്രശ്നം ഡ്രൈനേജ് സംവിധാനമൊരുക്കി പരിഹാരം കാണുമെന്ന് ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേശീയപാതാവിഭാഗം പ്രൊജക്ട് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ പ്രഭാകരന്‍, കണ്‍സള്‍ട്ടന്റ് റസി. എഞ്ചിനീയര്‍ ശശികുമാര്‍, കരാറുകാരായ കെഎംസിയുടെ പ്രൊജക്ട് മാനേജര്‍ ദേവരാജറെഡ്ഡി, നാസര്‍, കൗണ്‍സിലര്‍മാരായ വി.പി മനോജ്, എസ്.എം തുഷാര, ഇ.പി സഫീന, മൊകവൂര്‍ വാര്‍ഡ് കണ്‍വീനര്‍ സി.വി. ആനന്ദകുമാര്‍, ഇ.വി സദാശിവന്‍, സി. ദാസന്‍സന്‍, പി. രഘുനാഥ്, പി. ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
വാഹന ലേലം
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും, റൂറല്‍ ജില്ലാ സായുധസേനാവിഭാഗം അസി. കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചതും ഡിപ്പാര്‍ട്ട്്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 13 ഡിപ്പാര്‍ട്ട്്മെന്റ് വാഹനങ്ങള്‍ മാര്‍ച്ച് 23 രാവിലെ 11 മണി മുതല്‍ ഓണ്‍ലൈനായി ലേലം ചെയ്യും. ലേല വാഹനങ്ങള്‍ മാര്‍ച്ച് 22 രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് റൂറല്‍ എ.ആര്‍ ക്യാമ്പില്‍ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2523031
ചുരുക്കപ്പട്ടിക
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ Sewing Teacher (ഹൈസ്‌കൂള്‍) കാറ്റഗറി നമ്പര്‍ 267/18 തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് വനിത ഐഐടിയില്‍ പിഎംകെവിവൈയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി/പ്ലസ് ടു/ഐടിഐ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഷോര്‍ട്ട് ടൈം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം സൗജന്യമാണ്. കോഴ്സ്: ബ്യൂട്ടി തെറാപിസ്റ്റ് (സ്ത്രീകള്‍ക്ക് മാത്രം), Self Employed Tailor (സ്ത്രീകള്‍ക്ക് മാത്രം), മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നീഷ്യന്‍. ഫോണ്‍: 9746055606
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍ച്ച് വാച്ചര്‍/ ഡിപ്പോ വാച്ചര്‍/ സര്‍വ്വെ ലാസ്‌കര്‍ തുടങ്ങിയ (കാറ്റഗറി നമ്പര്‍ 354/2016) തസ്തികകളിലേക്കുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ പ്രസ്തുത റാങ്ക് പട്ടിക 2021 ഡിസംബര്‍ 20ന് റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബിക്) കാറ്റഗറി നമ്പര്‍ 536/13 തസ്തികയിലേക്ക് 2019 ജനുവരി ഏഴിന് നിലനില്‍ വന്ന റാങ്ക് പട്ടിക 2022 ജനുവരി ആറ് അര്‍ദ്ധ രാത്രയില്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 2022 ജനുവരി ഏഴിന് പൂര്‍വ്വാഹ്നം റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കിക്മയില്‍ എം.ബി.എ
കേരള സര്‍ക്കാറിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ 2022-24 ബാച്ചിലേയ്ക്കുള്ള എംബിഎ പ്രവേശനം മാര്‍ച്ച് 15ന് തളി ജംഗ്ഷനിലെ ഇ.എം.എസ് മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും. ഫോണ്‍: 8547618290, 9447002106