പാലാപ്പള്ളി തിരുപ്പള്ളിക്ക് തകർപ്പൻ ചുവടുകളുമായി സീനിയർ വനിതാ ഡോക്ടർമാർ; കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ കുട്ടികൾ ഇപ്പോഴും ഉഷാറാണ്, വൈറലായി ഡാന്‍സ് വീഡിയോ


കോഴിക്കോട്: പാലപ്പള്ളി തിരുപ്പള്ളി എന്ന കടുവ സിനിമയിലെ ഹിറ്റ് ഗാനത്തിന് ചുവട് വെച്ച് വൈറലായിരിക്കുകയാണ് ഒരു കൂട്ടം സീനിയർ വനിതാ ഡോക്ടർമാർ. വിവിധ വർണ്ണത്തിലുള്ള മനോഹരമായ പട്ടുസാരി ചുറ്റി പ്രായത്തിന് തോൽപ്പിക്കാനാകാത്ത ചുറുചുറുക്കോടെയാണ് അവർ നൃത്തം ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്ത ഈ ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് 1966-ൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിസിൻ വിദ്യാർത്ഥികളാണ്.
ഡോ. വി.കെ സുലോചന, ഡോ. വി.കെ. പാർവതി, ഡോ. വസുമതി, ഡോ അംബുജാക്ഷി എന്നിവരും സഹപാഠികളുടെ ഭാര്യമാരായ പുഷ്പലത വിനോദ്, രാധ മുരളീധരൻ, സിസിലി ജോയി ചന്ദ്രിക അച്യുതൻ എന്നിവരും ചേർന്നാണ് അതി മനോഹരമായ നൃത്ത വിരുന്ന് ഒരുക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്താം ബാച്ചിന്റെ പുന: സംഗമ വേളയിലാണ് ഈ സുഹൃത്തുകൾ ഡാൻസുമായി കസറിയത്. നിലാംബാൾ ചന്ദ്രനാണ് നൃത്ത സംവിധാനം നിർവഹിച്ചത്.