ഓര്‍ഡര്‍ ചെയ്തത് ആഡംബര വാച്ച്, കിട്ടിയത് കാലിപ്പെട്ടി; ആമസോണില്‍ നിന്ന് പണി കിട്ടി വെള്ളിമാടുകുന്ന് സ്വദേശി; പണം തിരികെ നല്‍കാനാവില്ലെന്ന് ആമസോണ്‍
കോഴിക്കോട്: ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമായ ആമസോണില്‍ നിന്ന് വിലകൂടിയ വാച്ചിന് ഓര്‍ഡര്‍ നല്‍കിയപ്പോള്‍ കിട്ടിയത് കാലിപ്പെട്ടി. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി സുനില്‍കുമാറിനാണ് ആമസോണില്‍ നിന്ന് ദുരനുഭവമുണ്ടായത്.
ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത 16,595 രൂപ വിലയുള്ള വാച്ച് പക്ഷേ വീട്ടിലെത്തിയപ്പോള്‍ വെറും കാര്‍ഡ്‌ബോര്‍ഡ് പെട്ടി മാത്രമായി. പരാതിപ്പെട്ടപ്പോള്‍ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് കൈമലര്‍ത്തിയിരിക്കുകയാണ് ആമസോണ്‍.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് വിദേശത്തുള്ള മകനാണ് ആമസോണിലൂടെ വാച്ച് ഓര്‍ഡര്‍ ചെയ്തത്. ഫെബ്രുവരി 10 ന് ഓര്‍ഡര്‍ ചെയ്ത Michael Kors എന്ന കമ്പനിയുടെ 16,595 രൂപ വിലയുള്ള വാച്ച് പതിനാറാം തിയതി വീട്ടിലെത്തി.
എന്നാല്‍ ബോക്സ് തുറന്നപ്പോള്‍ കാലിപ്പെട്ടി മാത്രമാണ് ഉണ്ടായിരുന്നത്. കയ്യില്‍ കിട്ടിയ ബോക്‌സില്‍ വാച്ചില്ലെന്ന് ആമസോണില്‍ പരാതിപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയാണ് സുനില്‍കുമാറിനെ ശരിക്ക് ഞെട്ടിച്ചത്. തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു ആമസോണിന്റെ മറുപടി.
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഓണലൈനില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാധാനങ്ങളെങ്കിലും പര്‍ച്ചേസ് ചെയ്ത സുനില്‍കുമാറിന് ഇങ്ങനൊരു അനുഭവം ആദ്യമാണെന്നും പറഞ്ഞു.
പണം തിരികെ നല്‍കാനാവില്ലെന്നാണ് ആമസോണില്‍ നിന്ന് ലഭിച്ച മറുപടി. ഓര്‍ഡര്‍ ചെയ്ത വാച്ച് ലഭിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് സുനില്‍കുമാറിന്റെ തീരുമാനം.