തൊഴിലുറപ്പ് പദ്ധതി: സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് ഏറ്റവുമധികം തുക കിട്ടാനുള്ളത് കോഴിക്കോട്; ജില്ലയില്‍ കുടിശ്ശികയായുള്ളത് 13.84കോടി രൂപ


കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് 13.84കോടി രൂപ. സംസ്ഥാനത്താകെ 116.33 കോടി രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടാനുളളതും കോഴിക്കോട് ജില്ലയിലെ തൊഴിലാളികള്‍ക്കാണ്.

തിരുവനന്തപുര ജില്ലയാണ് തൊട്ടുപിന്നിലുള്ളത്. 12.68കോടി രൂപയാണ് ഇവിടെ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. 12.43 കോടി രൂപയുമായി ആലപ്പുഴയാണ് മൂന്നാം സ്ഥാനത്ത്. കണ്ണൂര്‍ 9.09കോടി, വയനാട് 8.67കോടി, ഇടുക്കി 7.94കോടി, എറണാകുളം 4.51കോടി, മലപ്പുറം 7.87കോടി എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്.

സംസ്ഥത്തെ 2391562 തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള കുടശ്ശികയാണിത്. ഇതില്‍ 18,92,929 പേര്‍ സ്ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റിലാണ് കുടിശ്ശികയുള്‍പ്പെടെയുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്.

കേന്ദ്ര വിഹിതത്തിന്റെ കൂടെ 25 ശതമാനം സാധനസാമഗ്രി ചിലവുകൂടി ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ തുക കൈമാറുന്നത്. നിലവില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കുടിശ്ശിക കൊടുത്തുതീര്‍ത്തു. 2013-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളിലെ ആകെ തുകയുടെ 57.45 ശതമാനം കൂലി മാത്രമേ നിലവിലുള്ള നീക്കിയിരിപ്പുവെച്ച് നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് തൊഴിലുറപ്പ് പദ്ധതി ഫിനാന്‍സ് ഓഫീസര്‍ പറയുന്നു.