നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തീരുമാനം; കോഴിക്കോട് ഡിഎംഒ കസേര ആശദേവിക്ക്


കോഴിക്കോട്: ഡിഎംഒ ആരെന്നുള്ളതിന് ഒടുവിൽ തീരുമാനമായി. ഡിഎംഒ ആയി ഡോ. ആശാദേവി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ഡിഎംഒമാരുടെ കസേര കളി അവസാനിച്ചത്. സർക്കാർ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനിൽക്കും. ട്രാൻസഫർ ചെയ്യപ്പെട്ടവർ ചുമതലയേറ്റതായി ഉറപ്പാക്കാൻ ഡിഎച്ച്എസിന് ആരോഗ്യവകുപ്പ് നിർദേശം നൽകി.

ഒരേസമയം രണ്ട് ഡിഎംഒമാരാണ് ജില്ലയിൽ ഉണ്ടായത്. സ്ഥലം മാറി എത്തിയ ഡോ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ നിലവിലെ ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രൻ നേടിയ സ്റ്റേ നീക്കിയതിനു പിന്നാലെയാണ് ആശാദേവി ചുമതല ഏറ്റെടുക്കാൻ എത്തിയത്.

ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എൻ രാജേന്ദ്രന് ഡിഎച്ച്എസിൽ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നൽകിയ ഉത്തരവ്. എന്നാൽ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കോഴിക്കോട് എത്താൻ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രൻ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു.