കോഴിക്കോട് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനിയെ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്


കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് നല്ലളം പൊലീസ് കേസെടുത്തത്.

കോഴിക്കോട് ചെറുവണ്ണൂരില്‍ ജൂണ്‍ ഏഴിനാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് തെറിച്ചുവീണ കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിന പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടിരുന്നു.

ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫാത്തിമ. സീബ്ര ലൈനിലൂടെ ഇരുവശത്തും നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന ഫാത്തിമയെ അമിത വേഗതയില്‍ വന്ന ബസ്സ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് കാളികാവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഫാത്തിമ ബസ്സിനടിയിലേക്ക് വീണുപോയി.

സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ നടുങ്ങിനില്‍ക്കവേ, ഫാത്തിമ ബസ്സിനടിയില്‍ നിന്ന് സ്വയം എഴുന്നേറ്റുവരികയായിരുന്നു. ഉടനെ ഫാത്തിമയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീര വേദനയുണ്ടായിരുന്നെങ്കിലും ഗുരുതരമായി പരിക്കുകളില്ല.

അമിത വേഗതയില്‍ വന്ന ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫാത്തിമയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ മരണപ്പാച്ചിലില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.