സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി ആശുപത്രിയില്‍


കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. സ്വകാര്യബസ് സമയക്രമത്തെചൊല്ലി മറ്റൊരു ഡ്രൈവര്‍ തലയ്ക്കടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ഇന്നലെ രാവിലെയാണ് സംഭവം. കോഴിക്കോട് പുതിയസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പികെ ഷഹീര്‍ ബസ്സില്‍ കയറി ആക്രമിക്കുകയായിരുന്നു. മറ്റു ബസുകളിലെ ജീവനക്കാരെത്തി ഷഹീറിനെ തടഞ്ഞെങ്കിലും ഇതിനിടയില്‍ ജാക്കി ലിവര്‍ എടുത്ത് നൗഷാദിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.

തിങ്കളാഴ്ച നൗഷാദ് ഓടിച്ചിരുന്ന ബസ് മറ്റൊരു ബസിന്റെ മുന്നിന്‍ വന്നു എന്നു പറഞ്ഞായിരുന്നു അക്രമണം.സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ പി.കെ ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു.