കോഴിക്കോട് ബസ് ബൈക്കിലിടിച്ച് അപകടം; അയൽവാസികളായ രണ്ട് യുവാക്കൾ മരിച്ചു


കോഴിക്കോട്: കല്ലായിയിൽ ബസ് ബൈക്കിലിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചേ മുക്കാലോടെയായിരുന്നു അപകടം നടന്നത്. കൊണ്ടോട്ടി സ്വദേശികളായ കോടങ്ങാട് ഇളനീർക്കര നെച്ചിയില്‍ കോച്ചാമ്ബള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ്‌ സിയാദ് (18) എന്നിവരാണ് മരിച്ചത്.

ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സിയാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. അയല്‍വാസികളാണ്‌ ഇരുവരും. ഓട്ടോ മൊബൈല്‍ കോഴ്സ് വിദ്യാർഥിയാണ് സാബിത്ത്. വാഴക്കാട്‌ ഐ.ടി.ഐ വിദ്യാർഥിയാണ്‌ സിയാദ്‌.