കോഴിക്കോട് ബീച്ചില്‍ സംഘര്‍ഷത്തെതുടര്‍ന്നുണ്ടായ അപകടം; സംഗീത പരിപാടി നടത്തിയത് അനുമതിയില്ലാതെ, ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിതരണം ചെയ്തത് മറ്റാരെങ്കിലുമാണോ എന്നും അന്വേഷിക്കണമെന്നു മേയര്‍


കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ച ജെ.ഡി.ടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നുവെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മേയർ.

വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജ് പാലിയേറ്റീവ് കെയര്‍ യൂണിറ്റാണ് ഞായറാഴ്ച വൈകീട്ട് ബീച്ചില്‍ സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെയുള്ള സംഘര്‍ഷത്തിലും ബാരിക്കേട് തകര്‍ന്ന് വീണും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

‘പാലിയേറ്റീവ് ധനസമാഹരണത്തിനായി സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. സംഗീത പരിപാടിക്ക് അനുതിതേടിയിരുന്നില്ലെന്നും’ മേയര്‍ വ്യക്തമാക്കി.

‘പരിപാടി നടത്തിയ കുട്ടികളുടെ പരിചയക്കുറവ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമായി. ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് കൊടുത്തിട്ടുണ്ട്. ടിക്കറ്റ് സംഘാടകര്‍ തന്നെ നല്‍കിയതാണോ മറ്റാരെങ്കിലും പ്രിന്റ് ചെയ്ത് നല്‍കിയതാണോ’ എന്നത് അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു.

പോലീസ് വളരെ സംയമനത്തോടെയാണ് പെരുമാറിയത്. പോലീസിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വളരെ മോശം അവസ്ഥയിലേക്ക് പോകുമായിരുന്നുവെന്നാണ് പറഞ്ഞു കേട്ടത്. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമായിരുന്നു. തോന്നുംപോലെ ടിക്കറ്റ് വില്‍പന നടത്തിയാല്‍ കയറാന്‍ പറ്റാത്ത ആളുകള്‍ പ്രശ്നമുണ്ടാക്കുക സ്വാഭാവികമാണ്’ മേയര്‍ കൂട്ടിച്ചേര്‍ത്തു.

ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് എത്തി സംഗീത പരിപാടി നിര്‍ത്തി വയ്പ്പിച്ചു. പിന്നീട് പലതവണ ലാത്തി വീശിയാണ് പ്രശ്നക്കാരെ അവിടെ നിന്ന് മാറ്റിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയായിരുന്നു.

summary: kozhikode beach music  program was held without permission, mayor said