കോഴിക്കോട് പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി പണം കവര്‍ന്ന പ്രതി പിടിയില്‍; പിടിയിലായത് പമ്പിലെ മുന്‍ജീവനക്കാരന്‍
കോഴിക്കോട്: കോട്ടൂളി പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുന്‍ജീവനക്കാരനാണ്.
പമ്പിലെ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്. അര്‍ദ്ധരാത്രിയോടെയാണ് ജീവനക്കാരനുമേല്‍ മുളകുപൊടി വിതറിയശേഷം കെട്ടിയിട്ട് അമ്പതിനായിരം രൂപ കവരുകയായിരുന്നു.
കറുത്ത മുഖം മൂടിയിട്ടായിരുന്നു ഇയാള്‍ പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന് ശേഷം ഇയാള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നു.