കൊയിലാണ്ടിയുടെ വികസന കുതിപ്പിന് വഴിയൊരുങ്ങും; നടേരി വലിയ മലയില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി മെയ് 12ന് സ്ഥലം കൈമാറും


കൊയിലാണ്ടി: നടേരി വലിയ മലയില്‍ വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി മെയ് 12ന് സ്ഥലം കൈമാറും. പദ്ധതി സംബന്ധിച്ച പ്രഖ്യാപനവും അന്നേദിവസം നടക്കും.

മെയ് 12ന് വൈകുന്നേരം നാലുമണിക്ക് കാവുംവട്ടം യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതി പ്രഖ്യാപിക്കും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ചടങ്ങില്‍ അധ്യക്ഷയാവും. വടകര എം.പി കെ.മുരളീധരനാണ് മുഖ്യാതിഥി.

കൊയിലാണ്ടി നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണി സ്ഥിതിചെയ്യുന്നത് ഇതേ സ്ഥലത്താണ്. വലിയമലയിലേക്ക് നിലവില്‍ റോഡ് സൗകര്യവും ഇല്ല. താത്കാലികമായി ഈ സ്ഥലത്തേക്ക് ചെമ്മണ്‍പാത നിര്‍മ്മിച്ചിരിക്കുകയാണ്. റോഡ് സൗകര്യമടക്കം പ്രാഥമികമായി ചെയ്യേണ്ടുന്ന എല്ലാ സഹായവും നഗരസഭ ചെയ്യുമെന്നും ഇതിനായി ബജറ്റില്‍ നഗരസഭ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.