”കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി ജയിലില്‍ കിടന്ന, പൊലീസിന്റെ അടികൊണ്ട ഗംഗാധരന്‍ മാഷ്” സുഹൃത്തും സഹപ്രവര്‍ത്തകനുമായ ടി.കെ.കുഞ്ഞികണാരന്‍ ഓര്‍ക്കുന്നു


പാര്‍ട്ടിക്കുവേണ്ടി ജീവിതത്തിലെ നല്ലൊരു ഭാഗം മാറ്റിവെച്ച പ്രവര്‍ത്തകനായിരുന്നു ഗംഗാധരന്‍ മാസ്റ്റര്‍ എന്ന് ഓര്‍ക്കുകയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന കുഞ്ഞിക്കണാരന്‍. 1974-75 കാലത്ത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടിയവരാണ് ഞാനും ഗംഗാധരന്‍ മാസ്റ്ററും. എന്നെക്കാളും ഒരു വര്‍ഷം മുമ്പേ ഗംഗാധരന്‍ മാസ്റ്റര്‍ പാര്‍ട്ടിയിലുണ്ട്.

കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തന രംഗത്ത് സജീവമായത്. ഞാനാകട്ടെ കര്‍ഷക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും. അദ്ദേഹത്തിന് പാര്‍ട്ടിയോടും തൊഴിലാളികളോടുമുള്ള ആത്മാര്‍ത്ഥതയും വിശ്രമമില്ലാത്ത പ്രവര്‍ത്തനവുമെല്ലാം അടുത്തറിഞ്ഞയാളാണ് ഞാന്‍.

കര്‍ഷക തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന ഗംഗാധര്‍ മാസ്റ്റര്‍ നിരവധി തവണ പൊലീസ് മര്‍ദ്ദനമേറ്റിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്തായിരുന്നു ഇതെന്നാണ് ഓര്‍മ്മ. വിയ്യൂര് നടന്ന കര്‍ഷക തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു.

അധികാരത്തോടോ സ്ഥാനമാനങ്ങളോടോ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. സ്ഥാനമാനങ്ങള്‍ക്ക് പിറകെ അദ്ദേഹം പോയിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നുകൊണ്ട് സജീവവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കര്‍ഷക തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കാലത്താണ് മാഷ് പുളിയഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായത്. അതിനുശേഷം വിയ്യൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി. ദീര്‍ഘകാലം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് കൊയിലാണ്ടി ഏരിയ കമ്മിറ്റിയിലെത്തി.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ പിടിപെട്ടതോടെയാണ് ഞങ്ങള്‍ പൊതുപ്രവര്‍ത്തന രംഗത്തുനിന്ന് പിന്നോട്ടുപോയത്. സ്‌ട്രോക്ക് വന്ന് രണ്ടുവര്‍ഷത്തോളം തളര്‍ന്നു കിടക്കുകയാണ് ഞാന്‍. മാഷിനെയാകട്ടെ പ്രഷറും ഷുഗറുമെല്ലാം ആകെ ക്ഷീണിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് പരസ്പരം കണ്ടത്. മാഷ് യാത്ര പറഞ്ഞ് പോകുമ്പോള്‍ അവസാന കാലത്ത് ഒന്ന് കണ്ട് സംസാരിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമമുണ്ടെന്നും കുഞ്ഞിക്കണാരന്‍ പറയുന്നു.

കൊയിലാണ്ടി നോര്‍ത്ത് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് തോട്ടനാരികുനി ടി.കെ.കുഞ്ഞികണാരന്‍.