കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ ആദ്യകുഞ്ഞ് പിറന്നു; സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയില്‍ ആശുപത്രി


കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യപദ്ധതിയനുസരിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സജ്ജമാക്കിയ പ്രസവവാര്‍ഡില്‍ ആദ്യകുഞ്ഞ് പിറന്നു. പയ്യോളി അയനിക്കാട് സ്വദേശിനിയായ സുല്‍ഫത്ത് ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതെന്ന് ആശുപത്രി സൂപ്രണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഇതൊരു തുടക്കം മാത്രമാണെന്നും പുതിയ പ്രസവവാര്‍ഡിന്റെ സൗകര്യങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്താന്‍ ഇത് വഴിയൊരുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. സൂപ്രണ്ടടക്കം നാല് ഗൈനക്കോളജിസ്റ്റുകളുടെ സേവനം നിലവില്‍ ആശുപത്രിയിലുണ്ട്.

നവംബര്‍ 20നാണ് ആശുപത്രിയിലെ നവീകരിച്ച ഗൈനക്കോളജി വിഭാഗം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാടിനു സമര്‍പ്പിച്ചത്. ലക്ഷ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം ചെലവഴിച്ചാണ് പുതിയ ഗൈനക്കോളജി ബ്ലോക്ക് ഒരുക്കിയത്. ജനുവരിയോടെ പ്രസവത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു. നഴ്‌സുമാരും ഗൈനക്കോളജിസ്റ്റുകളുമെല്ലാം സുസജ്ജമായിരുന്നു. പ്രസവത്തിനായി ആരും ആശുപത്രിയില്‍ തുടരാത്തത് ചെറിയ തോതിലുള്ള നിരാശയ്ക്ക് ഇടയാക്കിയെങ്കിലും കഴിഞ്ഞദിവസത്തെ പ്രസവത്തോടെ അത് മാറിയിരിക്കുകയാണ്.

ഏറെ പരിചയ സമ്പന്നരായ ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാമാണ് താലൂക്ക് ആശുപത്രിയിലുള്ളതെന്നും ഇവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സൂപ്രണ്ട് ആവശ്യപ്പെട്ടു. പ്രസവത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ടുവന്നാല്‍ ബ്ലഡ് ബാങ്ക് അടക്കമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി മേഖലയില്‍ നിന്നും പലരും കോഴിക്കോട് മെഡിക്കല്‍ കോളേജിനെയും കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയുമൊക്കെയാണ് പ്രസവത്തിനായി ആശ്രയിച്ചിരുന്നത്. ഇവിടെയുളള തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യം കൂടിയിട്ടാണ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്.

ആരോഗ്യരംഗത്ത് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി കാഴ്ചവെയ്ക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകളിലെ ഗര്‍ഭാശയ ക്യാന്‍സര്‍ കണ്ടെത്താനുള്ള പാപ്‌സ്മിയര്‍ ക്യാമ്പ് കഴിഞ്ഞദിവസം ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്കിടയിലാണ് പരിശോധന നടത്തിയത്. കൊയിലാണ്ടി നഗരസഭയിലെ 35 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകളെയും ഈ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.