കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രസവശുശ്രൂഷയ്ക്കും ശിശുപരിചരണത്തിനും ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കും; നിയമസഭയില്‍ കാനത്തില്‍ ജമീല എം.എല്‍.എ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എന്‍.എച്ച്.എം മുഖേന ഗൈനക്കോളജി വിഭാഗത്തിലും ശിശുപരിചരണ വിഭാഗത്തിലും ഡോക്ടര്‍മാരെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മറ്റ് വിഭാഗങ്ങളില്‍ ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാരിന്റെ സാമ്പത്തികാവസ്ഥക്കനുസരിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്നാണ് കാനത്തില്‍ ജമീല സബ്മിഷനിലൂടെ ആവശ്യപ്പെട്ടത്. കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന പഞ്ചായത്തുകളും നഗരസഭകളും തീരദേശ മേഖലയില്‍ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പ്രസവശുശ്രൂഷകള്‍ക്കായി ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ മാത്രമാണ് ഉള്ളത്. മൂന്ന് ഡോക്ടര്‍മാരുടെ കൂടി സേവനം ലഭ്യമാക്കിയാല്‍ മാത്രമേ മുഴുവന്‍ സമയം ഗൈനക്കോളജിസ്റ്റിന്റെ സേവനം നല്‍കാന്‍ കഴിയൂവെന്നായിരുന്നു എം.എല്‍.എ അറിയിച്ചത്.
നവജാതശിശുക്കളുടെ പരിചരണത്തിനുള്ള സംവിധാനവും പീഡിയാട്രിക് ഐ.സി.യുവും സജ്ജമാണെങ്കിലും ഇവിടെയും വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതാണ് ഈ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ താലൂക്ക് ആശുപത്രിയില്‍ സൈക്രാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യമാണെന്ന കാര്യവും എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.