പേപ്പറിലൂടെ കാരുണ്യത്തിന്റെ സ്പർശം നീട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തകർ; പേനയെടുത്ത് മാറാരോ​ഗികളെ ചേർത്ത് പിടിക്കാം


കൊയിലാണ്ടി: മാറാരോ​ഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കും കുടുംബത്തിനും കരുത്താവുകയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയേറ്റീവ് പ്രവർത്തകർ. കിടപ്പിലായവർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും ഇവർ എത്തിച്ച് നൽകുന്നു. ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ കാരുണ്യത്തിന്റെ സ്പർശമാണ് ഇവർ നൽകുന്നത്.

പാലിയേറ്റീവ് പ്രവർത്തനത്തിന്റെ ​സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പേപ്പർ പെന്നാണ് ഇപ്പോൾ താരമായിരിക്കുന്നത്. പേപ്പർ പെന്നിന് സമീപം പണം നിക്ഷേപിക്കാൻ ഒരു ബോക്സും ഇവർ വെച്ചിട്ടുണ്ട്. ആശുപത്രിയിലെ റീസെപ്‌ഷന് സമീപമാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് ബോക്സിനോട് ചേർന്ന് പെന്നും എത്തിച്ചത്.

തീർത്തും പേപ്പറിലാണ് പെന്നിന്റെ നിർമ്മാണം. ബോക്സിൽ നിന്ന് ഇഷ്ടമുള്ള പേപ്പർ പേന എടുത്ത് നിങ്ങളാൽ കഴിയുന്ന തുക നിക്ഷേപ പെട്ടിയിൽ ഇടാം. അതിലൂടെ പാവങ്ങളായ കുറെ കിടപ്പുരോഗികൾക്ക് സഹായം നൽകാനും നമുക്ക് സാധിക്കും.