കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല; അമിത ജോലി ഭാരവും അതുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും താങ്ങാനാവാതെ ഡോക്ടര്‍മാര്‍


കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഒ.പിയിലെത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് നിലവിലുള്ള ഡോക്ടര്‍മാരെ അമിതജോലിയിലേക്കും അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും തള്ളിവിടുന്നു. റഗുലര്‍ ഡ്യൂട്ടിയ്ക്ക് അഞ്ചും മൂന്ന് മുതിര്‍ന്ന ഡോക്ടര്‍മാരുമടക്കം എട്ട് ഡോക്ടര്‍മാരാണ് ഈ ആശുപത്രിയിലുള്ളത്. ഇത്രയേറെ രോഗികള്‍ ചികിത്സയ്ക്കായെത്തുന്ന ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം കാരണം മണിക്കൂറുകളോളം നീണ്ട ഡ്യൂട്ടി എടുക്കേണ്ട അവസ്ഥയിലാണിവര്‍.

തുടര്‍ച്ചയായുള്ള ഡ്യൂട്ടിയും വിശ്രമിക്കാന്‍ ആവശ്യത്തിന് സമയം കിട്ടാത്തതും ഡോക്ടര്‍മാരെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. പലരും ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. സ്വന്തം ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ തുടര്‍ച്ചയായി ജോലിയെടുക്കേണ്ടിവരുന്നത് ഡോക്ടര്‍മാരെ മാനസികമായി തളര്‍ത്തുന്നുണ്ട്.

ഇ.എന്‍.ടി, സ്‌കിന്‍, ഓര്‍ത്തോ, പീഡിയാട്രിക് വിഭാഗങ്ങളിലായി അഞ്ച് റഗുലര്‍ ഡോക്ടര്‍മാരാണുള്ളത്. മൂന്ന് സീനിയര്‍ ഡോക്ടര്‍മാരില്‍ മൂന്നുപേരും അന്‍പത് വയസിന് മുകളിലും ഇരുപത് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയവരുമാണ്. നിലവില്‍ ഇങ്ങനെയുള്ളവര്‍ റഗുലര്‍ ഡ്യൂട്ടി എടുക്കേണ്ടയെന്നാണ് നിയമമെങ്കിലും ഡോക്ടര്‍മാരുടെ അഭാവം കാരണം തങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ അവഗണിച്ച് പലപ്പോഴും ഇവര്‍ക്കും ഡ്യൂട്ടി എടുക്കേണ്ടിവരാറുണ്ട്. അഞ്ച് പകലും നാല് നൈറ്റും ഉള്‍പ്പെടുന്നതാണ് ഒരുമാസത്തെ റഗുലര്‍ ഡ്യൂട്ടി.

ആധുനിക സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലക്ഷ്യ സ്റ്റാന്റേര്‍ഡിലുള്ള ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റുണ്ടെങ്കിലും കൊയിലാണ്ടിയില്‍ ചുരുക്കം ചില പ്രസവങ്ങള്‍ മാത്രമാണ് നടന്നത്. ഇതിനും തടസമാകുന്നത് ഡോക്ടര്‍മാരുടെ കുറവാണ്. എട്ട് ഡോക്ടര്‍മാരെങ്കിലും വേണ്ട ഗൈനക്കോളജിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണ് നിലവിലുള്ളത്. ഇവരെവെച്ച് ഈ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിക്കൊണ്ടുപോകുകയെന്നത് പ്രയാസമാണ്.

കാഷ്വാലിറ്റിയുടെ സ്ഥിതിയും ഇതുതന്നെയാണ്. ഇവിടെ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. പലപ്പോഴും തുടര്‍ച്ചയായി രണ്ട് ഷിഫ്റ്റില്‍ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ആശുപത്രി ജീവനക്കാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ തല്‍ക്കാലത്തേക്ക് എന്‍.എച്ച്.എമ്മില്‍ നിന്നും ഡോക്ടര്‍മാരെ അയക്കുകയാണ് ചെയ്യുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇവരെ തിരികെ വിളിക്കുകയും ചെയ്യും. ഇനിയും ഈ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെല്ലാം രോഗികളായി മാറാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഡോക്ടര്‍മാരുടെ മാത്രമല്ല, നഴ്‌സുമാരുടെയും അവസ്ഥ ഇതുതന്നെയാണ്. രാത്രി സമയത്ത് വാര്‍ഡിലെ മുപ്പത് രോഗികള്‍ക്ക് ഒരു സിസ്റ്റര്‍ എന്ന നിലയിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.