”ധൈര്യത്തിലിരുന്നോളീ ട്ടോ, കരയുകയൊന്നും വേണ്ട, ഇടപെടും” അദാലത്തില്‍ പ്രശ്‌നം ബോധിപ്പിച്ച അരിക്കുളത്തെ കുഞ്ഞിക്കണ്ണേട്ടന് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പ് – വീഡിയോ കാണാം
കൊയിലാണ്ടി: അരയ്ക്ക് കീഴ്‌പ്പോട്ട് ശരീരം പൂര്‍ണമായി തളര്‍ന്ന നിലയിലാണ്, മറ്റൊരാളുടെ സഹായമില്ലാതെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥ. എങ്കിലും എല്ലാ വല്ലായ്കയും മറന്ന് അരുക്കുളം സ്വദേശിയായ കാവുമ്പുറത്ത് കുഞ്ഞിക്കണ്ണന്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന അദാലത്തിനെത്തി. ഒരു ജോലിയും ചെയ്യാന്‍ കഴിയാത്ത തനിക്ക് ഏക ആശ്രയമായ പെന്‍ഷന്‍ എങ്കിലും കിട്ടണേയെന്നതായിരുന്നു കുഞ്ഞിക്കണ്ണന്റെ അപേക്ഷ.
”ധൈര്യത്തിലിരുന്നോളീ, ട്ടോ, കരയുകയൊന്നും വേണ്ട, ഇടപെടും” എന്ന മന്ത്രിയുടെ വാക്കുകള്‍ നല്‍കിയ പ്രതീക്ഷയോടെയാണ് കുഞ്ഞിക്കണ്ണന്‍ മടങ്ങിയത്. ബാലുശ്ശേരി മൃഗാശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു കുഞ്ഞിക്കണ്ണന്‍. ജന്മനാ കാലിന് വൈകല്യമുണ്ട്. ഏക ആശ്രമായിരുന്നു ഈ ജോലി. എന്നാല്‍ അഞ്ചാറ് വര്‍ഷം മുമ്പ് അരയ്ക്ക് കീഴ്‌പ്പോട്ട് മുഴുവന്‍ തളര്‍ന്നു വീണതോടെ ജോലിയ്ക്ക് പോകാന്‍ കഴിയാതായി. പെന്‍ഷനായെങ്കിലും താല്‍ക്കാലിക ജോലി ആയതിനാല്‍ പെന്‍ഷന്‍ കിട്ടാന്‍ പ്രയാസമായി. ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റും മറ്റും സമര്‍പ്പിച്ചെങ്കിലും പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനമാകാതെ നീണ്ടുപോകുകയാണ്.
ചികിത്സാ ചെലവിനും യാത്രാചെലവിനുമെല്ലാം ഇതിനകം ഒരുപാട് തുകയായിട്ടുണ്ട്. പെന്‍ഷന്‍ കിട്ടിയാല്‍ തനിക്കും കുടുംബത്തിനും വലിയൊരു ആശ്വാസമാകുമെന്ന് കരുതിയാണ് എല്ലാ പ്രയാസങ്ങളും മറന്ന് അദ്ദേഹം അദാലത്തിനെത്തിയത്. മന്ത്രിയുടെ വാക്കുകള്‍ നല്‍കിയ പ്രതീക്ഷയുമായാണ് അദ്ദേഹം മടങ്ങിയത്.
വീഡിയോ: