ചാടി നേടിയ വിജയമാണ് മിർഷാന്റേത്; കൊയിലാണ്ടി ഉപജില്ലാ കായികമേളയിൽ ഓട്ടത്തിലും ലോങ്ങ് ജമ്പിലും മികച്ച പ്രകടനവുമായി മിർഷാൻ


കൊയിലാണ്ടി: ചാടി നേടിയ വിജയമാണ് മിർഷാന്റേത്, ഒന്നല്ല പങ്കെടുത്ത രണ്ടിനങ്ങളിലും. ചെറുപ്പം മുതലേ തനിക്കു സ്‌പോർട്സിനോടുള്ള ഇഷ്ടവും പ്രയത്നവും വിജയത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് കാപ്പാട് അങ്ങാടി സജ്ന മന്‍സില്‍ വീട്ടിൽ മിർഷാൻ വി.കെ.

ഇന്ന് സമാപിച്ച കൊയിലാണ്ടി ഉപജില്ലാ കായികമേളയിൽ ആണ് ലോങ്ങ് ജമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കായിക പ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയത്. യു.പി വിഭാഗം ബോയ്സിൽ നൂറു മീറ്ററിനും, ഇരുന്നൂറു മീറ്ററിനും മിർഷാൻ ഒന്നാം സ്ഥാനം നേടി. ചേമഞ്ചേരി യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. റിലേയിലും പങ്കെടുത്തു.

ചെറിയ പ്രായം മുതലേ മിർഷാന് സ്പോർട്സിനോട് ഏറെ ഇഷ്ടമാണെന്നും നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മാതാപിതാക്കൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മുതിർന്ന രണ്ടു സഹോദരങ്ങളാണ് മിർശാനുള്ളത്. ഇരുവരും കായികമത്സരങ്ങളിൽ ഏറെ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചവരാണ്.

മാതാപിതാക്കളായ സഹദിന്റെയും ഷബ്‌നയുടെയും പൂർണ്ണ പിന്തുണയുണ്ട്. കൃത്യമായ കായിക പരിശീലനങ്ങൾ നൽകി ലാൽ സാറും ഒപ്പമുണ്ട്. കാഞ്ഞിലശ്ശേരി സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നുണ്ട്. ഇനിയും ഇത്തരം മത്സരങ്ങൾ പങ്കെടുക്കാനും മികച്ച പ്രകടനം കാഴ്ച വെക്കണമെന്ന് തന്നെയാണ് മിർഷാന്റെ ആഗ്രഹം.

മേള അവസാനിച്ചപ്പോൾ എൽ.പി വിഭാഗത്തിൽ പെരുവട്ടൂർ എൽ.പി സ്കൂൾ 38 പോയിന്റുകളുമായി വിജയം നേടി. തൊട്ടു പിന്നാലെ ഓടിയെത്തി കുറുവങ്ങാട് സെന്‍ട്രല്‍ എല്‍.പി. സ്കൂള്‍ 23 പോയിന്റുകളുമായി റണ്ണർ അപ്പായി.

എല്‍.പി – യു.പി. ഓവറോളും 45 പോയിന്റുകളുമായി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്കൂള്‍ കരസ്ഥമാക്കി. എച്ച്.എസ് – എച്ച്.എസ്.എസ് ഓവറോള്‍ കപ്പ് 251 പോയിന്‍റ് നേടി ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി ഉയർത്തി. ജി.വി.എച്ച്.എസ്.എസ്. പന്തലായനിയുടെ താരങ്ങളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചതോടെ 175 പോയിന്ററുമായി അവർ റണ്ണർ അപ്പുകളായി.

കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം സ്പോണ്‍സര്‍ ചെയ്യുന്ന ജൂനിയര്‍ ഗേള്‍സ് റണ്ണര്‍ അപ് ട്രോഫി പന്തലായനി ഗവ. എച്ച്. എസ്.എസ് കരസ്ഥമാക്കി.

മേളയുടെ സമാപന സമ്മേളനം മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച് എസ് പി ടി എ പ്രസിഡന്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. പി.പി.സുധ ട്രോഫി വിതരണം ചെയ്തു. പ്രിൻസിപ്പൽ പി.വത്സല, ഹെഡ്മിസ്ട്രസ് എം പി. നിഷ, എച്ച്.എം ഫോറം സെക്രട്ടറി ഷാജി.എൻ. ബൽറാം വിവിധ സംഘടനാ പ്രതിനിധികൾ കൺവീനർ രഞ്ജിത്ത് സംസാരിച്ചു.

Summary:  mirshan wins in long jump Koyilandy subdistrict sports meet