കലയുടെ സുവർണ്ണ കിരീടം കൈപ്പിടിയിലൊതുക്കാൻ കൊയിലാണ്ടിയുടെ കുട്ടികൾക്ക് സാധിക്കട്ടെ; ആവേശം അലതല്ലി ഉപജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസം, കൊടിയിറങ്ങാൻ ഇനി ഒരുനാൾ മാത്രം


കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ആവേശപൂർണ്ണമായ മൂന്നാം നാളിന് തിരശ്ശീല വീഴാറായപ്പോൾ കലാകിരീടത്തിനായുള്ള പോരാട്ടത്തിന് മൂർച്ച കൂട്ടുകയാണ് സ്കൂളുകൾ. ഉപജില്ലയിലെ എഴുപത്തിയെട്ട് സ്കൂളുകളിൽ നിന്നുള്ള ആയിരത്തോളം അധ്യാപകരും അതിലേറെ വിദ്യാർത്ഥികളുമാണ് വേദിയായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലുള്ളത്.

കലോത്സവത്തിന്റെ കഴിഞ്ഞ രണ്ട് ദിവസങ്ങളെക്കാൾ വർണ്ണാഭമായിരുന്നു മൂന്നാം ദിനമായ ബുധനാഴ്ച. സംഘാടന മികവും ഏകോപനവും മത്സരാർത്ഥികളുടെ വേറിട്ട ആവിഷ്കരണവുമെല്ലാം മേളയെ സമ്പന്നമാക്കുന്ന കാഴ്ചയ്ക്കാണ് കൊയിലാണ്ടി സാക്ഷ്യം വഹിക്കുന്നത്.

മികച്ച അഭിപ്രായമാണ് അതിഥികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെത്തിയ മറ്റ് സ്കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും മേളയെ കുറിച്ച് പറയുന്നത്. കോവിഡ് കാരണം രണ്ട് വർഷത്തോളം നീണ്ട വലിയ ഇടവേള കുട്ടികളിൽ സഭാകമ്പം വളർത്തിയെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലെന്നാണ് സഹൃദനായ ഒരു അധ്യാപകൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

സ്കൂൾ കലാമേളയ്ക്ക് ശേഷം പഞ്ചായത്ത് തലത്തിൽ കലാമേള നടത്തി കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ചാണ് ഉപജില്ലാ മേളയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഇക്കുറി പഞ്ചായത്ത് കലാമേള ഇല്ലാതെ നേരിട്ട് ഉപജില്ലാ മേളയ്ക്ക് കൊണ്ടുവന്നത് കുട്ടികളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചെന്നും തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ല എന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാക്കിയതായുമാണ് മറ്റൊരു അധ്യാപകൻ അഭിപ്രായപ്പെട്ടത്.

വൈവിധ്യമാർന്ന കലകൾ കുട്ടികൾ വളരെ വേഗം പഠിച്ചെടുക്കുന്നുണ്ടെങ്കിലും അവരുടെ മനസിൽ കലകളെ കുറിച്ചുള്ള ശരിയായ ധാരണ എത്തിയിട്ടില്ലെന്ന് പറയുന്ന അധ്യാപകരുമുണ്ട്. സ്റ്റേജുകൾ പലതും മേക്കപ്പ് റൂമിൽ നിന്ന് അകലെയായതിനാൽ നടന്ന് നേരത്തേ എത്തി ഊഴം കാത്തിരിക്കുന്നത് കുട്ടികൾക്കും ഒപ്പമുള്ള രക്ഷിതാക്കൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടായി എന്ന വിമർശനവും ചില അധ്യാകപകർ ഉയർത്തി.

അതേസമയം ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടന മികവിനെ പ്രശംസിച്ചാണ് പല അധ്യാപകരും സംസാരിച്ചത്. രണ്ടോ മൂന്നോ ഇനങ്ങളിൽ പങ്കെടുക്കേണ്ട കുട്ടികൾക്ക് അവസരം നഷ്ടമാകുന്നത് മുൻകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ വേദിയിൽ റിപ്പോർട്ട് ചെയ്യുന്ന മത്സരാർത്ഥികൾക്ക് പരിപാടി അവതരിപ്പിക്കാൻ പിന്നീട് സമയം കൊടുക്കുന്നതിനാൽ അവസരം നിഷേധിക്കപ്പെടുന്ന സങ്കടകരമായ അവസ്ഥ ഇക്കുറി ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.

നാല് ദിവസം നീണ്ട് നിൽക്കുന്ന കൊയിലാണ്ടി ഉപജില്ലാ കലാമേളയുടെ കൊടിയിറക്കം വ്യാഴാഴ്ചയാണ്. വിജയിച്ച് കയറിയവരും മുന്നേറാൻ കഴിയാതിരുന്നവരുമെല്ലാം കലോത്സവം ആസ്വദിച്ചു എന്ന കാര്യത്തിൽ സംശയമില്ല. നാളെ കലോത്സവം കൊടിയിറങ്ങിയാൽ ജില്ലാ മേളയ്ക്കും തുടർന്ന് വരുന്ന സംസ്ഥാന കലാമേളയ്ക്കും കിരീടം ഉറപ്പാക്കാനുള്ള പരിശീലനക്കളരിയിലേക്ക് ഇറങ്ങുകയാണ് നാളെയുടെ പ്രതിഭകൾ. കഴിഞ്ഞ സംസ്ഥാന കലാമേളയ്ക്ക് നമ്മുടെ കോഴിക്കോടിന് തലനാരിഴയ്ക്ക് നഷ്ടമായ കലയുടെ സ്വർണ്ണ കിരീടം ഇത്തവണ തിരികെ പിടിക്കാൻ കൊയിലാണ്ടിയിലെ കുട്ടികൾക്ക് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കലയെ സ്നേഹിക്കുന്ന എല്ലാവരും.