കൊയിലാണ്ടിയിലൊരു സ്റ്റേഡിയമുണ്ട്.. പക്ഷെ കൊയിലാണ്ടിക്കാര്‍ക്ക് യാതൊരു ഗുണവുമില്ല; സ്പോര്‍ട്സ് കൗണ്‍സില്‍ ഉണ്ടാക്കുന്നത് ലക്ഷങ്ങള്‍.. ഇനിയും ഇങ്ങനെ തുടരാന്‍ പറ്റില്ലെന്ന് കായിക പ്രേമികള്‍.. മാറ്റം വേണം
കൊയിലാണ്ടി: ഏറെ പരിതാപകരമായ അവസ്ഥയിലായ കൊയിലാണ്ടി സ്റ്റേഡിയം നഗരസഭ വീണ്ടെടുത്ത് കായിക പ്രേമികളുടെ പ്രതീക്ഷയ്‌ക്കൊത്ത് പുതുക്കിപണിയണമെന്ന ആവശ്യം കൊയിലാണ്ടിയില്‍ ശക്തമാകുകയാണ്. സ്‌റ്റേഡിയം ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും റവന്യൂ വകുപ്പും തമ്മിലുള്ള പാട്ടക്കരാര്‍ ഡിസംബര്‍ 17ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.
1998 ഡിസംബര്‍ 17നാണ് 3.46 ഏക്കര്‍ വരുന്ന കൊയിലാണ്ടി സ്റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 25 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തത്. കാലാനുസൃതമായ വികസന പ്രവര്‍ത്തനം നടത്തി മികച്ച ഫുട്‌ബോള്‍ സ്‌റ്റേഡിയമായി മൈതാനത്തെ ഉയര്‍ത്തുകയെന്ന കാഴ്ചപ്പാടോടെയായിരുന്നു ഇത്.
എന്നാല്‍ സ്‌റ്റേഡിയവും കടമുറികളും നിര്‍മ്മിച്ച് കടമുറികള്‍ വാടകയ്ക്ക് നല്‍കി വാടകയിനത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുന്നതല്ലാതെ കൊയിലാണ്ടിയിലെ കായിക രംഗത്തെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല. ഫുട്‌ബോള്‍ പരിശീലനത്തിന് ആധുനിക സൗകര്യമുള്ള മൈതാനം ഇവിടെയില്ല. മൈതാനത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാര്യക്ഷമമായ ഡ്രൈനേജ് സംവിധാനവുമില്ല. നിലവിലുള്ള ഡ്രൈനേജില്‍ തന്നെ മണ്ണും ചളിയും മൂടിക്കിടന്ന് കാലങ്ങളായി അടഞ്ഞുകിടന്നിട്ടും അവ നീക്കാനുള്ള നടപടിപോലുമുണ്ടാവുന്നില്ല.
മഴക്കാലമായാല്‍ സ്‌റ്റേഡിയത്തിനുള്ളില്‍ വെള്ളം കെട്ടിനിന്ന് ചളിക്കളം പോലെയാണ്. താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യമില്ല. സുരക്ഷിതമായ ചുറ്റുമതില്‍ ഇല്ലാത്തതുകാരണം രാത്രി കാലങ്ങളില്‍ സ്‌റ്റേഡിയം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുകയാണെന്ന ആക്ഷേപമുണ്ട്. സ്റ്റേഡിയത്ത് വേണ്ടത്ര ലൈറ്റിങ് സൗകര്യം ഏര്‍പ്പെടുത്താത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ മൈതാനത്തിനകത്ത് പരിശീലനത്തിന് ഇറങ്ങാനാവാത്ത സ്ഥിതിയാണ്.
സ്റ്റേഡിയത്തിന്റെ കിഴക്കുഭാഗം ഫയര്‍സ്റ്റേഷനുവേണ്ടി തല്‍ക്കാലത്തേക്ക് വിട്ടുനല്‍കിയതാണ്. സമീപമുള്ള കൊയിലാണ്ടി ജി.വി.എച്ച്.എച്ച്.എസിലെ കുട്ടികള്‍ക്കാന്‍ കളിക്കാന്‍ സൗകര്യം നല്‍കണമെന്ന് പാട്ടക്കരാറിലുണ്ടെങ്കിലും കുട്ടികള്‍ക്ക് സുരക്ഷിതമായി വന്ന് കളിക്കാനുള്ള സൗകര്യം ഇവിടെയില്ല. സ്റ്റേഡിയത്തിനകത്തേക്ക് കയറാനും ഇറങ്ങാനും മൂന്ന് പ്രധാന ഗേറ്റുകളാണുള്ളത്. ഇതില്‍ രണ്ട് ഗേറ്റുകള്‍ തകര്‍ന്നിട്ട് കാലങ്ങളായി.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്ത് കാലങ്ങളായിട്ടും സ്റ്റേഡിയത്തിന് മതിയായ വികസന പ്രവര്‍ത്തനങ്ങളുണ്ടാകാത്ത സാഹചര്യത്തില്‍ ഇനിയും പാട്ടക്കരാര്‍ പുതുക്കി നല്‍കാതെ റവന്യൂവകുപ്പ് സ്റ്റേഡിയം നഗരസഭയ്ക്ക് നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. കൊയിലാണ്ടിയിലും പരിസര പ്രദേശത്തും കായികപരിശീലനത്തിനായി സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ നിലവിലില്ല. അതിനാല്‍ മൈതാനം ഏറ്റെടുത്ത് കായിക താരങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും വിധം വികസന പദ്ധതികള്‍ കൊണ്ട് വന്ന് സംരക്ഷിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോളിയായി മാറിയ ആത്മാറാം, സര്‍വ്വീസസ് കളിക്കാരനും ബംഗളുരു എച്ച്.എ.എല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടീമുകളുടെ കോച്ചുമായിരുന്ന കുഞ്ഞിക്കണാരന്‍, ആര്‍.പി.എഫിലെ വേലായുധന്‍, എ.ശങ്കരന്‍, വില്യം ഹെര്‍മന്‍ തുടങ്ങി നിരവധി പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ ഇവിടെ കളിച്ചുതുടങ്ങിയവരാണ്. കുട്ടികളെ പരിശീലിപ്പിക്കാന്‍ സൗകര്യമുള്ള സ്റ്റേഡിയം ഉണ്ടായാല്‍ ഇനിയും ഒരുപാട് താരങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് ഉദിച്ചുവരും.