കൊയിലാണ്ടിക്കാരുടെ സ്വന്തം ബാലന്‍ ഡോക്ടര്‍ അഥവാ ക്യാപ്റ്റന്‍ ബാലന്‍; നഷ്ടമായത് അരനൂറ്റാണ്ടിലേറെ രോഗികളുടെ മനസ്സറിഞ്ഞ ഡോക്ടറെ, അന്തരിച്ച ശാരദ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ടി ബാലന്റെ വിയോഗത്തില്‍ വിതുമ്പി നാട്


കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ സ്വന്തം ബാലന്‍ ഡോക്ടര്‍ അഥവാ ക്യാപ്റ്റന്‍ ബാലന്‍. അന്തരിച്ച ശാരദാ ഹോസ്പിറ്റല്‍ സ്ഥാപകനും ഡോക്ടറുമായ ടി. ബാലന്റെ വിയോഗത്തില്‍ ദു:ഖിതരാണ് കൊയിലാണ്ടിക്കാര്‍. പ്രാഥമിക മെഡിക്കല്‍ സൗകര്യങ്ങള്‍ കൊയിലാണ്ടിയില്‍ തീര്‍ത്തും കുറവായിരുന്ന കാലത്ത് രോഗികളുടെ ആശ്രയമായിരുന്നു ശാരദ ഹോസ്പിറ്റല്‍. ആദ്യം ഓടിയെത്തുന്നതും ഇവിടേയ്ക്കായിരുന്നു.

രോഗികളുടെ മനസ്സറിയുന്ന രോഗം മാറ്റുന്ന ഡോക്ടര്‍ എന്ന വിശ്വാസമായിരുന്നു കൊയിലാണ്ടിക്കാര്‍ക്ക് ബാലന്‍ ഡോക്ടറില്‍ ഉണ്ടായിരുന്നത്. 1960 കാലഘട്ടത്തിലാണ് കൊയിലാണ്ടിയില്‍ ജനങ്ങള്‍ക്ക് അത്യാവശ്യമായ ഹോസ്പിറ്റല്‍ വേണമെന്ന് മനസ്സിലാക്കി ബാലന്‍ ഡോക്ടര്‍ ശാരദ ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നത്.

ആര്‍മിയില്‍ ഡോക്ടറായിരുന്ന അദ്ദേഹം വിരമിക്കലിന് ശേഷം കൊയിലാണ്ടിയിലെ ജനങ്ങള്‍ക്കായി മുഴുവന്‍ സമയവും മാറ്റിവെയ്ക്കുകയായിരുന്നു. ഏത് മുറിവും തുന്നിെക്കട്ടി നിഷപ്രയാസം സുഖപ്പെടുത്താനുളള കഴിവായിരുന്ന അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അതുകൊണ്ട് തന്നെ ആളുകള്‍ ബാലന്‍ ഡോക്ടറെയായിരുന്ന ആശ്രയിച്ചിരുന്നതും. ജനപ്രിയ ബാലന്‍ ഡോക്ടര്‍ എന്നത് കൂടാതെ ക്യാപ്റ്റന്‍ ബാലന്‍ ഡോക്ടര്‍ എന്ന വിളിപ്പേര് കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു.

തിക്കോടി സ്വദേശിയായ ഡോക്ടര്‍ കൊയിലാണ്ടിയിലേയ്ക്ക് താമസം മാറുകയായിരുന്നു. തന്റെ സഹോദരി ശാരദയുടെ പേരിലാണ് ശാരദ ഹോസ്പിറ്റല്‍ ബാലന്‍ ഡോക്ടര്‍ ആരംഭിച്ചത്. പരിചയസമ്പത്തുളള ഡോക്ടറായതിനാല്‍ അന്ന് ബാലന്‍ ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ കൊയിലാണ്ടിയില്‍ അറിയാത്തതായി ആരുമില്ലെന്നാണ് ജനസംസാരം. കൊയിലാണ്ടി ഐ.എം.എ പ്രസിഡന്റായും, റോട്ടറി ക്ലബ്ബ് പ്രസിഡന്റായും, എക്‌സിക്യൂട്ടീവ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോക്ടര്‍ അന്തരിച്ചെന്ന് വാട്‌സ്ആപ്പിലൂടെയും മറ്റും വിവരം അറിഞ്ഞ് പലരും ദു:ഖം പ്രകടപ്പിക്കുകയാണ്. വര്‍ഷങ്ങളായി രക്താര്‍ബുദ രോഗം ബാധിച്ച് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഡോക്ടര്‍.
സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക് സ്വവസതിയായ രവികലയില്‍.

ഭാര്യ: രതീദേവി. മക്കള്‍: ഡോ. ബൈജു ബാലന്‍ (കുവൈത്ത്), ബാപ്ര ബാലന്‍.

മരുമകന്‍: ഹരിദാസന്‍ ചിറക്കല്‍.

സഹോദരങ്ങള്‍: നാരായണി, പരേതരായ ദേവി, ശാരദടീച്ചര്‍.