മുളകുപൊടിവിതറി ബന്ദിയാക്കി പണംകവര്‍ന്നെന്ന നാടകവും, അന്വേഷണത്തില്‍ തകര്‍ന്നടിഞ്ഞ തിരക്കഥയും; 2024ല്‍ കൊയിലാണ്ടിയെ ഞെട്ടിച്ച കവര്‍ച്ച കേസ്
കൊയിലാണ്ടി: എലത്തൂര്‍ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഞരക്കം കേള്‍ക്കുന്നു, നാട്ടുകാര്‍ നോക്കിയപ്പോള്‍ ഒരാളെ കാറിനുള്ളില്‍ ബന്ദിയാക്കിയ നിലയില്‍ കാണുന്നു, പോയവര്‍ഷം സംസ്ഥാന തലത്തില്‍ തന്നെ കൊയിലാണ്ടിയെ ശ്രദ്ധാകേന്ദ്രമാക്കിയ കുപ്രസിദ്ധമായ കവര്‍ച്ചാ കേസിന്റെ തുടക്കം ഇങ്ങനെയായിരുന്നു. കെട്ടിയിട്ട് ശരീരത്തില്‍ മുളകുപൊടി വിതറിയശേഷം എ.ടി.എം റീഫില്‍ ചെയ്യാനായി കൊണ്ടുപോയ 75ലക്ഷം കവര്‍ന്നെന്നായിരുന്നു കേസ്. തുടക്കം മുതലേ അതീവ ജാഗ്രതയോടെയുള്ള പൊലീസ് അന്വേഷണം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇത് ഏറെ ആസൂത്രിതമായി നടപ്പിലാക്കിയ കവര്‍ച്ചാ നാടകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
2024 ഒക്ടോബര്‍ 19നായിരുന്നു സംഭവം. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തോടെ പ്രതികള്‍ നടത്തിയ ഗൂഢാലോചന പൊളിക്കാനും സംഭവത്തില്‍ പങ്കാളികളായവരെ മണിക്കൂറുകള്‍ക്കകം പിടിക്കാനും സാധിച്ചത് പൊലീസിന് പൊന്‍തൂവലായി. കോഴിക്കോട് റൂറല്‍ എസ്.പി പി.നിധിന്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിവേഗം സംഭവത്തിന്റെ ചുരുളഴിച്ചത്. മുളകുപൊടി വിതറി ബന്ദിയാക്കി പണം തട്ടിയെന്നത് പരാതിക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് തെളിയിച്ചു.
ഇന്ത്യ വണ്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനായ പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ എന്നിവര്‍ അറസ്റ്റിലായി. താഹയില്‍നിന്ന് 37 ലക്ഷം രൂപയും കണ്ടെടുത്തു. എടിഎമ്മില്‍ നിറയ്ക്കാന്‍ 72,40,000 രൂപയുമായി കൊയിലാണ്ടിയിലെ ഫെഡറല്‍ ബാങ്കില്‍നിന്ന് യാത്ര പുറപ്പെട്ടതായിരുന്നു താന്‍ എന്നാണ് സുഹൈല്‍ പറഞ്ഞത്. കാര്‍ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് കയറ്റം കയറുന്നതിനിടെ പര്‍ദ്ദ ധരിച്ചെത്തിയ രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റിലിടിച്ച് വീണു. കാര്‍ നിര്‍ത്തിയപ്പോള്‍ ബോണറ്റില്‍ വീണയാള്‍ അല്‍പ്പം താഴ്ത്തിയ ചില്ലിനുള്ളിലൂടെ കൈയിട്ട് വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയില്‍ മറ്റേയാള്‍ പിറകില്‍ കയറി പിന്‍സീറ്റിലേക്ക് വലിച്ചിഴച്ചു. കൈയും കാലും കെട്ടി ശരീരമാസകലം മുളകുപൊടി വിതറി ബോധരഹിതനാക്കി. ഇതിനിടെ കാറിന്റെ മുന്‍സീറ്റില്‍വച്ച പണം കവര്‍ന്ന
മോഷ്ടാക്കള്‍ സുഹൈലിനെ കാറടക്കം കാട്ടിലെപീടികയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു മൊഴി.
എന്നാല്‍ തുടക്കം മുതലേ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തില്ല. സുഹൈല്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ അരിക്കുളത്തെ സ്ഥലവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുമെല്ലാം പൊലീസ് പരിശോധനാ വിധേയമാക്കി. ഇങ്ങനെയൊരു ആക്രണം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഈ സ്ഥലത്തുണ്ടായിരുന്നില്ല. സുഹൈലിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനവും സുഹൈലിനെയും പൊലീസ് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. സുഹൈലിനെ ആദ്യഘട്ടത്തില്‍ കണ്ട ആളുകളില്‍ നിന്നെല്ലാം പൊലീസ് വിശദമായി മൊഴിയെടുത്തിരുന്നു. യുവാവിന്റെ മൊഴിയും സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയുമെല്ലാം സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഇത് നാടകമാകാമെന്ന സംശയം ഉയര്‍ന്നത്.
യുവാവിന്റെ മൊഴികളും സംഭവം നടന്ന സാഹചര്യവുമെല്ലാം തമ്മിലുള്ള വൈരുദ്ധ്യങ്ങളും പൊലീസ് ശ്രദ്ധിച്ചു. പരാതിക്കാരനായ സുഹൈലിന്റെ ശരീരത്തില്‍ മുളക് പൊടി വിതറിയ നിലയിലായിരുന്നു. എന്നാല്‍ കണ്ണിലും മുഖത്തും മുളകുപൊടിയുണ്ടായിരുന്നില്ല. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് താഴ്ത്തിയ നിലയിലാണുണ്ടായിരുന്നത്. അക്രമികള്‍ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയെന്നാണ് സുഹൈല്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ തലയ്ക്ക് അടിയേറ്റതായി കണ്ടെത്താനായിരുന്നില്ല.
ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തെളിവുകളെല്ലാം സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഏറെക്കാലമെടുത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണിതെന്ന് വ്യക്തമായത്.
കേസില്‍ സുഹൈലിനും താഹയ്ക്കും പുറമേ കോടിക്കല്‍ സ്വദേശിയായ യാസിര്‍ എന്നയാളും പിടിയിലായിരുന്നു. യാസറും താഹയും ഓടിച്ചുവന്ന കാറിലേക്ക് അരിക്കുളം കുരുടിമുക്കില്‍വച്ച് സുഹൈല്‍ പണം കൈമാറുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് സുഹൈല്‍ വന്ന കാറിലേക്ക് മുളകുപൊടി വിതറി. സുഹൈലിനെ കെട്ടിയിട്ടശേഷം കാട്ടിലപ്പീടികയില്‍ സുഹൈലിനെയും കാറും ഉപേക്ഷിച്ച് ഇരുവരും പോവുകയായിരുന്നു. കൊയിലാണ്ടി പൊലീസിനെ സംബന്ധിച്ച് അഭിമാനാര്‍ഹമായ നേട്ടമായിരുന്നു ഈ കേസിന്റെ ചുരുളഴിച്ചത്.
Summary: koyilandy robery case