കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം


കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്.

വന്‍തുക ഒറ്റയടിക്ക് കൈക്കലാക്കുകയെന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. സുഹൈല്‍ മാത്രമാണ് എ.ടി.എം റീഫില്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നത്. മറ്റുരണ്ടുപേരും സുഹൈലിന്റെ കാലങ്ങളായുള്ള സുഹൃത്തുക്കളാണ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

അറുപത്തിരണ്ട് ലക്ഷം രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി സുഹൈല്‍ പിന്‍വലിച്ചതായി നിലവില്‍ കണ്ടെത്തിയിട്ടുള്ളതെന്നും എസ്.പി പറഞ്ഞു. 72,40000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഏജന്‍സി അറിയിച്ചത്. ബാക്കി തുകയുടെ കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനുശേഷമേ വ്യക്തതവരൂവെന്നും പൊലീസ് അറിയിച്ചു. 37 ലക്ഷം രൂപ വില്ല്യാപ്പള്ളിയില്‍വെച്ച് താഹയില്‍ നിന്നും പണമായി പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാട്ടിലപ്പീടികയില്‍ കാറിനുള്ളില്‍ സുഹൈലിനെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടത്. ശരീരത്തിലും കാറിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. കുരുടിമുക്കിലെ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനായി പോകവെ വഴിയില്‍വെച്ച് പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ വാഹനത്തിന്റെ ബോണറ്റിലേക്ക് വീണെന്നും ഇവര്‍ക്ക് എന്തെങ്കിലും പറ്റിയോ എന്ന് അന്വേഷിക്കാനായി വാഹനം നിര്‍ത്തിയ തന്നെ ആക്രമിച്ച് ശരീരത്തില്‍ മുളകുപൊടി വിതറി കെട്ടിയിട്ട് ബോധം കെടുത്തുകയും പണം കവരുകയും ചെയ്‌തെന്നാണ് ഇയാള്‍ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. 25ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു മൊഴി.

Summary: koyilandy robbery complaint is a fabricated one confirms police