കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആുപത്രിയായ സഹ്യയില്‍ നിന്നുള്ള ബില്ലുകളും മറ്റും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.
മാലിന്യങ്ങള്‍ ജലാശയങ്ങളിലും മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് ഖരമാലിന്യ ചട്ടം 2016 (4), പരിസ്ഥിതി സംരക്ഷണ നിയമം 1986 വകുപ്പ് 15, 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 219, എന്‍.എസ്.ടി 2023ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി 219 (എസ്), 219 (എന്‍) വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്ന് നോട്ടീസില്‍ പറയുന്നു. കേരള പഞ്ചായത്ത് രാജ് നിയമം 219 (വി) വകുപ്പ് പ്രകാരമാണ് ഒരുലക്ഷം രൂപ പിഴയീടാക്കിയത്.
പിഴ പഞ്ചായത്ത് ഖജനാവില്‍ അടക്കാത്തപക്ഷം ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആശുപത്രി അധികൃതര്‍ അലക്ഷ്യമായി ഉപേക്ഷിച്ചത് ആശുപത്രിയിലെ മാലിന്യമാണെന്ന് സമ്മതിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുവാന്‍ ലത്തീഫ് എന്നയാള്‍ക്ക് നല്‍കിയതാണെന്നും ഇയാളാണ് വഴിയരികില്‍ ഇത് ഉപേക്ഷിച്ചതെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ലത്തീഫിനെ വിളിച്ചുവരുത്തുകയും മാലിന്യങ്ങള്‍ അയാള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വണ്ടിയിലേക്ക് തിരികെ വെപ്പിക്കുകയും ചെയ്തിരുന്നു. ഈ വണ്ടി മേപ്പയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.