കൊയിലാണ്ടി ടൗണില്‍ നിന്ന് വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്‍കി; സത്യസന്ധതയുടെ നല്ല മാതൃകയായി കുറുവങ്ങാട് സ്വദേശിയായ ചുമട്ടു തൊഴിലാളി കൃഷ്ണന്‍
കൊയിലാണ്ടി: വീണു കിട്ടിയ സ്വര്‍ണ്ണം ഉടമസ്ഥന് തിരികെ നല്‍കി ചുമട്ടുതൊഴിലാളിയുടെ നല്ല മാതൃക. കൊയിലാണ്ടി ശോഭിക ടെക്‌സ്‌റ്റൈല്‍സിന് മുന്നില്‍ വച്ച് വീണുകിട്ടിയ സ്വര്‍ണ്ണമാലയാണ് കുറുവങ്ങാട് സ്വദേശിയും കൊയിലാണ്ടിയിലെ ചുമട്ടുതൊഴിലാളിയുമായ കൃഷ്ണന്‍ തിരികെ ഏല്‍പ്പിച്ചത്.
ഇന്നലെ രാവിലെയാണ് കൃഷ്ണന് സ്വര്‍ണ്ണം വീണുകിട്ടിയത്. അവധി ദിവസമായ ഇന്നലെ മറ്റൊരു ആവശ്യത്തിനായാണ് അദ്ദേഹം കൊയിലാണ്ടിയിലെത്തിയത്. ശോഭിക ടെക്‌സ്‌റ്റൈല്‍സിന് മുന്നിലൂടെ നടന്ന് പോകുമ്പോഴാണ് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്ന ഭാഗത്ത് റോഡരികിലായി സ്വര്‍ണ്ണമാല അദ്ദേഹം കണ്ടത്.
സ്വര്‍ണ്ണമാല എടുത്ത അദ്ദേഹം വിവരം ഓട്ടോറിക്ഷാ തൊഴിലാളികളെ അറിയിച്ചു. തുടര്‍ന്ന് ശോഭിക ടെക്‌സ്‌റ്റൈല്‍സില്‍ വന്നവരില്‍ ആരുടെയെങ്കിലുമായിരിക്കാമെന്ന അനുമാനത്തില്‍ മാല അവിടെ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ശോഭിക ടെക്‌സ്‌റ്റൈല്‍സ് അധികൃതര്‍ മാലയുടെ ഉടമയെ കണ്ടെത്തി മാല തിരിച്ചേല്‍പ്പിക്കുകയായിരുന്നു. മാല ലഭിച്ച കൃഷ്ണന് വരാന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ സുമേഷാണ് ശോഭികയില്‍ വച്ച് മാല ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ചത്.
സത്യസന്ധതയുടെ നല്ല മാതൃകയായ കൃഷ്‌ണേട്ടന് നല്‍കാം നമുക്കൊരു കയ്യടി…