കൊയിലാണ്ടിയുടെ അത്യുന്നതങ്ങളിൽ മിശിഹാ; ലോകകപ്പ് ആവേശത്തിൽ മെസ്സിയുടെ കട്ട് ഔട്ട് ഒരുക്കി അർജന്റീന ആരാധകർ
കൊയിലാണ്ടി: പെരുവട്ടൂരെ ആകാശത്ത് മിശിഹാ ഉയർന്നു, ലോക കപ്പ് ആവേശത്തിൽ നാട്. ഫുട്ബോൾ ഇതിഹാസം മെസ്സിയുടെ കട്ട് ഔട്ടാണ് അർജന്റീന ആരാധകർ ഉയർത്തിയത്. ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ എത്തിയതോടെ ലോകമെങ്ങും ഫുട്ബോൾ ജ്വരം അലയടിക്കുന്നതിന്റെ പ്രതിഫലമായാണ് ആരാധകർ പെരുവട്ടൂരിലും മെസ്സിയുടെ പടം ഉയർത്തിയത്.
മത്സരങ്ങൾ അങ്ങ് ഖത്തറിൽ പതിനേഴാം തീയ്യതി തുടങ്ങാനിരിക്കുന്നേയുളളുവെങ്കിലും ഫുട്ബോൾ യുദ്ധം നമ്മുടെ നാട്ടിലും തുടരുകയാണ്. ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകൾ ഉയർത്തിയും പതാകകൾ സ്ഥാപിച്ചും ഫുട്ബോൾ ആരാധകർ ആഘോഷിക്കുകയാണ്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് പെരുവട്ടൂരിൽ കട്ട് ഔട്ട് ഉയർത്തിയത്.
സമാനമായി കൊയിലാണ്ടയിൽ വിവിധയിടങ്ങളിൽ കളിക്കാരുടെ കട്ട് ഔട്ടുകൾ ഉയർത്തിയിട്ടുണ്ട്. മുത്താമ്പി ടൗണില്‍ ബ്രസീല്‍ ടീമിന്റെ നെടുനീളന്‍ ഫ്‌ളക്‌സ് ആണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്. പത്തോളം ആരാധകര്‍ ഇരുഭാഗത്തും പിടിച്ചാണ് ഫ്‌ളക്‌സ് സ്ഥാപിച്ചത്. കളി തുടങ്ങാൻ രണ്ടു ദിനങ്ങൾ മാത്രമായിരിക്കെ ആവേശ തിമിർപ്പിലാണ് ആരാധകർ.
ഇതിനിടയിൽ പുള്ളാവൂരിലെ ലോകപ്രശസ്തമായ കട്ടൗട്ടുകള്‍ വിവാദമായി മാറിയിരുന്നു. ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍, കൊടുവള്ളി നഗരസഭയ്ക്ക് കീഴില്‍ വരുന്നതാണ് പുള്ളാവൂര്‍. അതുകൊണ്ട് അവരോട് ഇത് മാറ്റാന്‍ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.