”എട്ടുകൊല്ലമായി പച്ചക്കറികള്‍ക്കും മലഞ്ചരക്കുകള്‍ക്കുമൊക്കെ ഇടയിലാണ് എന്റെ ജീവിതം” കൃഷിയിലെ വിജയഗാഥ പങ്കുവെച്ച് കൊയിലാണ്ടി സ്വദേശിനി പ്രജിഷ
കൊയിലാണ്ടി: ”എട്ടുകൊല്ലമായി പച്ചക്കറികള്‍ക്കും മലഞ്ചരക്കുകള്‍ക്കുമൊക്കെ ഇടയിലാണ് എന്റെ ജീവിതം, ഇനിയും ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്ന എല്ലാം ഞാന്‍ കൃഷി ചെയ്തുണ്ടാക്കും” വീട്ടിലെകൃഷിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കൊയിലാണ്ടി കൊടക്കാട്ടുമുറി സ്വദേശി പ്രജിഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞ വാക്കുകളാണിത്. ഒരുപാട് ഭൂമിയോ സൗകര്യങ്ങളോ ഒന്നുമുള്ള കുടുംബമല്ല പ്രജിഷയുടേത്, പക്ഷേ എട്ടുവര്‍ഷത്തോളമായി വീട്ടാവശ്യത്തിനും നാട്ടുകാര്‍ക്ക് വില്‍ക്കാനുമായി ഒരുവിധം പച്ചക്കറികളും അവശ്യവസ്തുക്കളുമെല്ലാം പ്രജിഷ കൃഷി ചെയ്തുണ്ടാക്കുകയാണ്.
നഗരസഭയിലെ നാലാം വാര്‍ഡിലാണ് പ്രജിഷയും ഭര്‍ത്താവ് സന്തോഷും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. വാഴ, വഴുതിന, ചീര, വെണ്ട, മുളക്, പയര്‍, ഇഞ്ചി, മഞ്ഞള്‍, തക്കാളി, കൂവ, ചേമ്പ്, ചേന എന്നിങ്ങനെ ഇവിടെ വിളയിച്ചെടുക്കാനാവുന്ന ഒരുവിധം പച്ചക്കറികളെല്ലാം പ്രജിഷ കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായുള്ള ചെറിയ സ്ഥലത്തും തൊട്ടടുത്തുള്ള ഒഴിഞ്ഞുകിടന്നിരുന്ന പറമ്പിലുമാണ് പ്രജിഷയുടെ കൃഷി.
പേരാമ്പ്ര കടിയങ്ങാടാണ് പ്രജിഷയുടെ നാട്. വീട്ടില്‍ വലിയ കൃഷിയൊന്നുമുണ്ടായിരുന്നില്ല. കൊയിലാണ്ടിയില്‍ വിവാഹം കഴിച്ചെത്തിയപ്പോള്‍ സന്തോഷിന്റെ അമ്മ പറഞ്ഞ വാക്കുകളാണ് കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രചോദനമായതെന്നാണ് പ്രജിഷ പറഞ്ഞത്. ”മറ്റൊരാളുടെ പറമ്പിലുണ്ടായത് അവര്‍ കിളച്ചുകൊണ്ട് പോകുന്നത് നോക്കിനില്‍ക്കുന്നത് അതിന്റെ പങ്കുപറ്റുന്നതും അത്ര വലിയ കാര്യമല്ല, നമുക്ക് വേണ്ടത് നമ്മളുണ്ടാക്കണം, അതാകുമ്പോള്‍ നിനക്ക് ആരെയും പേടിക്കാതെ എടുത്ത് ഉപയോഗിക്കാമല്ലോ” എന്നാണ് അമ്മ പറഞ്ഞത്. ചെടികള്‍ മറ്റും നട്ടുവളര്‍ത്താന്‍ വലിയ ഇഷ്ടവുമുണ്ടായിരുന്നു മനസില്‍. അങ്ങനെയാണ് കൃഷിയിലേക്ക് ഇറങ്ങിയതെന്ന് അവര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും മഞ്ഞളുമൊക്കെയാണ് കൃഷി ചെയ്തത്. മഞ്ഞള്‍ അന്നും ആവശ്യം കഴിഞ്ഞുള്ളത് അടുത്ത വീട്ടുകാര്‍ക്ക് വില്‍ക്കുമായിരുന്നു. വിളവെടുത്ത് എല്ലാം റെഡിയായിക്കഴിഞ്ഞാല്‍ വാട്‌സ്ആപ്പില്‍ ഒരു സ്റ്റാറ്റസിടും. പിന്നാലെ ആവശ്യക്കാര്‍ തേടിയെത്തുകയുമാണ് പതിവെന്ന് പ്രജിഷ പറയുന്നു. പച്ചക്കറികളും മറ്റും വിറ്റുതുടങ്ങിയത് വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടിലിന്റെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹം എല്ലാതരത്തിലും കൃഷിക്കുവേണ്ട പ്രോത്സാഹനം നല്‍കാറുണ്ടെന്നും പ്രജിഷ പറഞ്ഞു.
മഞ്ഞളിനും പച്ചക്കറികള്‍ക്കും പുറമേ കൂവയാണ് പ്രജിഷയുടെ പ്രധാന വരുമാനമാര്‍ഗം. നട്ടുണ്ടാക്കിയ കൂവ ഉരച്ച് ഊറ്റുന്നതും പൊടിയാക്കുന്നതുമെല്ലാം പ്രജിഷയും കുടുംബവും ചേര്‍ന്നാണ്. സഹായത്തിന് ഇടയ്ക്ക് ഒരാളെ വിളിക്കാറുണ്ട്. മായമില്ലാതെ സംസ്‌കരിച്ചെടുക്കുന്ന കൂവപൊടി കിലോയ്ക്ക് 1600 രൂപ തോതിലാണ് വില്‍ക്കുന്നത്. കൂവപ്പൊടിവാങ്ങാന്‍ ദൂരെനിന്നുപോലും ആളുകള്‍ അന്വേഷിച്ച് എത്താറുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൃഷിയെ ഒരു വരുമാനമാര്‍ഗം എന്നതിനേക്കാള്‍ ഉപരി വിഷരഹിതമായ ഉല്പന്നം ഉണ്ടാക്കിയെടുക്കുകയെന്നതാണ് താന്‍ ലക്ഷ്യമിടുന്നതെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍ രാസവളം ഒട്ടുംതന്നെ ചേര്‍ക്കാറില്ല. ആട്ടിന്‍കാഷ്ടവും ചാണകപ്പൊടിയുമാണ് വളമായി ഉപയോഗിക്കുന്നത്. ഇതിനു പുറമേ വീട്ടിലെ പച്ചക്കറിയുടെയും മീനിന്റെ അവശിഷ്ടങ്ങള്‍ ഒരു ബക്കറ്റില്‍ അടച്ചുവെച്ച് മൂന്നുദിവസം വെച്ച് പുളിപ്പിച്ച് വളമായി ഉപയോഗിക്കുകയാണ് ചെയ്യുക. വാഴയ്ക്ക് ഇത് അതുപോലെയും പച്ചക്കറികളില്‍ അരിച്ചെടുത്ത വെള്ളം മാത്രവുമായി ഉപയോഗിക്കുമെന്നും പ്രജിഷ പറയുന്നു.
ഇനിയും പറ്റാവുന്നത്ര സമയം കൃഷിയ്ക്കുവേണ്ടി മാറ്റിവെച്ച് മുന്നോട്ടുപോകാനാണ് പ്രജിഷയുടെ ആഗ്രഹം. എല്ലാവിധ പിന്തുണയോടെയും ഭര്‍ത്താവ് സന്തോഷ് കൂടെയുണ്ട്. കൂവ ഉരച്ചെടുക്കുന്നത് എളുപ്പമാക്കാന്‍ ഒരു യന്ത്രം വാങ്ങണമെന്ന ആലോചനയുമുണ്ട്. കൃഷിയിലേക്ക് ഇറങ്ങാന്‍ ഒരാള്‍ക്കെങ്കിലും താന്‍ പ്രചോദനമാകുമെങ്കില്‍ അതാണ് വലിയ നേട്ടമായി കാണുന്നതെന്നും പ്രജിഷ പറയുന്നു.