ട്രെയിന്‍മാര്‍ഗം ഹംഗറി ബോര്‍ഡറിലെത്താന്‍ സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ശ്രമം: എംബസി അധികൃതരുടെ സഹായമുണ്ടാകണമെന്ന അഭ്യര്‍ത്ഥനയുമായി കൊയിലാണ്ടി സ്വദേശി- ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: ട്രെയിന്‍മാര്‍ഗം ഹംഗറി അതിര്‍ത്തിയിലെത്താനുള്ള ശ്രമവുമായി ഉക്രൈനിലെ സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍. എംബസി അധികൃതരുടെ സഹായത്തോടെ സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പാടു ചെയ്താണ് 1200 ഓളം വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്.

ബോര്‍ഡറുകടക്കാന്‍ എംബസി അധികൃതരുടെ സഹായമുണ്ടാകണമെന്ന് സാപോരിഷിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ സാരംഗ് അഭ്യര്‍ത്ഥിച്ചു. ഹുസോറത്ത് വരെ ട്രെയിനിലും അവിടെ നിന്ന് ഹംഗറി ബോര്‍ഡര്‍ കടന്ന് ബുഡാപെസ്റ്റിലെത്തി ഫ്‌ളൈറ്റ്മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനാണ് ആലോചിക്കുന്നതെന്നാണ് സാരംഗ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

അഞ്ഞൂറോളം മലയാളി വിദ്യാര്‍ഥികളാണ് സാപോരിഷിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നത്. നേരത്തെ യുദ്ധം തുടങ്ങുന്നതിനു മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്ന നിര്‍ദേശം ലഭിച്ചതിനു പിന്നാലെ ഒരു സംഘം വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. രണ്ടാമത്തെ സംഘം കീവ് എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് അവിടെ ആക്രമണം നടന്നത്.

ഉക്രൈന്‍ തലസ്ഥാനത്തുനിന്നും ഏറെ അകലെയുള്ള പ്രദേശമാണ് സാപോരിഷിയ. ഇവിടെനിന്നും എല്ലാ അതിര്‍ത്തികളിലേക്കും ആയിരത്തിലേറെ ദൂരവുമുണ്ട്. അതിനാല്‍ അതിര്‍ത്തി കടന്ന് നാട്ടിലേക്ക് എങ്ങനെയെത്തുമെന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ഥികളെല്ലാം.

കൊയിലാണ്ടി കുറുവങ്ങാട് കോഴിക്കളത്തില്‍ താഴെ സജീവന്റെയും സിന്ധുവിന്റെയും മകനാണ് സാരംഗ്. സാരോരിഷിയ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് അദ്ദേഹം.

വീഡിയോ കാണാം: