കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം സ്വര്‍ണവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍; കള്ളക്കടത്തുസംഘം 1.1ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് മൊഴി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1157 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. വലിയ പറമ്പില്‍ റിയാസ് (45) ആണ് പിടിയിലായത്.
ജിദ്ദയില്‍ നിന്നുമാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. നാല് ക്യൂപ്‌സ്യൂളുകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. 1.1ലക്ഷം രൂപയാണ് റിയാസിന് കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊയിലാണ്ടി സ്വദേശിയടക്കം ജിദ്ദയില്‍ നിന്നെത്തിയ മൂന്നുപേരില്‍ നിന്നായി മൂന്നുകിലോഗ്രാമോളം സ്വര്‍ണമാണ് കഴിഞ്ഞദിവസം കരിപ്പൂരില്‍ പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ മലപ്പുറം ചെമ്മനിയോട് സ്വദേശി പാതിരാമണ്ണ അബ്ദുല്‍ അന്‍സറില്‍ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും രാവിലെ സ്‌പൈസ് ജെറ്റ് എയര്‍ ലൈന്‍സ് വിമാനത്തില്‍ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശി പൊട്ടങ്ങട് അഷറഫില്‍ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന മിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സ്യൂളുകളും പിടികൂടി.
അസിസ്റ്റന്റ് കമീഷണര്‍മാരായ കെ.എം.സൈഫുദ്ദീന്റെയും സിനോയി കെ.മാത്യുവിന്റെയും നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എബ്രാഹം കോശി, അനൂപ് പൊന്നാരി, ടി.എന്‍.വിജയ, ഫിലിപ്പ് ജോസഫ്, വിമല്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പോരുഷ് റോയല്‍, ദുഷ്യന്ത് കുമാര്‍, ശിവകുമാര്‍, അക്ഷയ് സിങ്, ഹെഡ് ഹവല്‍ദാര്‍മാരായ എം.കെ.വത്സന്‍, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.