കെ.എസ്.യു സംസ്ഥാന ഭാരവാഹി പട്ടികയിൽ ഇടം നേടി കൊയിലാണ്ടി സ്വദേശി; എ.കെ.ജാനിബ് സംസ്ഥാന കമ്മിറ്റി അംഗം
കൊയിലാണ്ടി: കെ.എസ്.യു ന്റെ സംസ്ഥാന ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. കൊയിലാണ്ടി സ്വദേശി എ.കെ.ജാനിബ് ഉൾപ്പെടെ 90 പേരടങ്ങുന്ന പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന കമ്മിറ്റി അംഗമായാണ് ജാനിബിനെ തിരഞ്ഞെടുത്തത്. പേരാമ്പ്രക്കാരായ അർജുൻ കറ്റയാട്ട്, വി.ടി. സൂരജ് എന്നിവരും പട്ടികയിൽ ഇടം നേടി.
സ്കൂൾ പഠനകാലത്താണ് ജാനിബ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യുവിന്റെ തിരുവങ്ങൂർ സ്കൂൾ യൂണിറ്റ് പ്രസിഡന്റായിരുന്നു, പിന്നീട് ചേമഞ്ചേരി മണ്ഡലം പ്രസിഡന്റായി. നിലവിൽ കൊയിലാണ്ടി നിയോജമണ്ഡലം പ്രസിഡന്റാണ്. ഇവിടെ നിന്നാണ് ജാനിബ് നേരിട്ട് സംസ്ഥാന കമ്മിറ്റിയിലെത്തുന്നത്.
അപ്രതീക്ഷിതമായാണ് സംസ്ഥാന കമ്മിറ്റിയിലെത്തുന്നതെന്നും ഏറെ സന്തോഷമുണ്ടെന്നും ജാനിബ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംസ്ഥാന ഭാരവാഹി എന്നത് ഏറെ ഉത്തരവാദിത്വമുള്ള കർതവ്യമാണെന്നും അതിന്റെതായ പ്രാധാന്യത്തോടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ പാലയാട് ക്യാമ്പസിലെ അവസാന വർഷ എൽ.എൽ.ബി വിദ്യാർത്ഥിയാണ് ജാനിബ്. കഴിഞ്ഞ ആറ് വർഷമായി കെ.എസ്.യുവിന്റെ കൊയിലാണ്ടി നിയോജമണ്ഡലം പ്രസിഡന്റാണ് അദ്ദേഹം.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അർജുൻ കറ്റയാട്ട് തിരഞ്ഞെടുക്കപ്പെട്ടത്. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗമാണ് നിലവിൽ അദ്ദേഹം. 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളായാണ് അർജുൻ കറ്റയാട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വി.ടി. സൂരജിനെ കെ.എസ്.യു കോഴിക്കോട് ജില്ലാ അധ്യക്ഷ സ്ഥാനത്തേക്കാണ് തിരഞ്ഞെടുത്തത്. ഇദ്ദേഹം മുൻപ് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.
Summary: Koyilandy native AK Janib has made it to the list of KSU state Committee Member