44 വാര്‍ഡുകളിലും ജാഗ്രതാ സമിതി, മികവുറ്റ പ്രവര്‍ത്തനങ്ങളും; മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വര്‍ഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് വേണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഏറ്റു വാങ്ങി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി.സതീദേവി അധ്യക്ഷയായി.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, വികസന കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര, മരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്, സെക്രട്ടറി ഇന്ദു എസ്.ശങ്കരി, കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിം കുട്ടി, ജമാല്‍, ഷബില.കെ, അനുഷ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തനതായ പ്രവര്‍ത്തന ശൈലി കൊണ്ടും നഗരസഭയുടെ കൃത്യമായ ഇടപെടലുകള്‍ക്കൊണ്ടുമാണ് നഗരസഭക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും രംഗത്തുള്ള നിരന്തര പ്രവര്‍ത്തവനും ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുവാന്‍ നഗരസഭയുടെ പെണ്ണിടം വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വനിതാ ഹെല്‍പ് ഡസ്‌ക്, കൗണ്‍സിലിംഗ് സേവനം, നിയമസഹായം, റെഫറല്‍ സേവനം, ഫുഡ് ഓണ്‍ വാള്‍ തുടങ്ങിയ സേവനങ്ങളും പെണ്ണിടത്തിലൂടെ ജനങ്ങളിലേക്ക് നഗരസഭ എത്തിക്കുന്നുണ്ട്.

44 വാര്‍ഡുകളിലും ജാഗ്രത സമിതി ചേരുകയും ഈ സമിതികളുടെ ഏകോപനമായി നഗരസഭാതലത്തിലും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോവുന്നുണ്ട്. വരുന്ന പരാതികള്‍ സമയബന്ധിതമായി ചര്‍ച്ച ചെയ്ത് ആവിശ്യമായ നിര്‍ദേശങ്ങളും പരിഹാരങ്ങളും ഉണ്ടാക്കുന്നുണ്ട്. മാസത്തില്‍ കൃത്യമായി ജാഗ്രതാ സമിതി യോഗം ചേരും. നിരന്തര ബോധവത്കരണ ക്ലാസ്സുകളിലൂടെയും, സ്ത്രീശാക്തീകരണ പരിപാടികളിലൂടെയും ജാഗ്രതാ സമിതിയുടെ പ്രാധാന്യം എത്തിക്കുണ്ട്. ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ എല്ലാ വര്‍ഷവും തുക വകയിരുത്തുന്നുണ്ട്.

വനിതാ ദിന പുതുവത്സര പരിപാടികള്‍ നടത്തുന്നതിനായി വുമണ്‍ ഇനിഷ്യറ്റീവ് ഫോര്‍ ഹാപ്പിനെസ്സ് (WISH) എന്ന പേരില്‍ വനിതാ ഗ്രൂപ്പ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തിലും കുട്ടികള്‍ക്കു വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കാനും എല്ലാ സ്‌കൂളിലും സ്‌കൂള്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കൗണ്‍സിലിംഗ് സേവനവും നല്‍കുന്നുണ്ട്. കൃത്യമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചേരുകയും, കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന പരിപാടികളും, രക്ഷിതാകള്‍ക്കുള്ള ബോധവത്കരണ ക്ലാസും നഗരസഭ നടത്തുന്നുണ്ട്.

കൂടാതെ വയോജന ക്ഷേമം ഉറപ്പുവരുത്തുവാനും വാര്‍ഡ് തലത്തില്‍ വായോക്ലബ്ബുകളും, വയോജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുവാന്‍ എല്ലാ വാര്‍ഡിലും വയോജന ജാഗ്രതാ സമിതിയും ചേരുന്നുണ്ട്. നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ ഓഫീസുകളിലും ഐ.സി.സി രൂപീകരിക്കുകയും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതെ ജോലിചെയ്യാനുള്ള ഇടം ഒരുക്കികൊടുക്കുകയും ചെയ്യുന്നുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരാതികള്‍ അറിയിക്കുന്നതിനായി എല്ലാ വാര്‍ഡുകളിലും കംപ്ലയിന്റ് ബോക്‌സ് സ്റ്റാപിക്കുകയും ചെയ്തു. ലീഗല്‍ സെല്ലിന്റെ സഹകരണത്തോടെ നിയമ ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. കൂടാതെ സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനായി വിവാഹിതരാവാന്‍ പോവുന്ന ദമ്പതികള്‍ക്ക് പ്രീ മാരിറ്റല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം എല്ലാ വര്‍ഷവും നഗരസഭ നടത്തുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി വ്യത്യസ്ത പരിപാടികള്‍ നടപ്പില്‍ വരുത്തുവാനുള്ള പരിശ്രമത്തിലാണ് നഗരസഭ.

Summary: Koyilandy Municipality received the award for the best vigilance committee from the Chief Minister