‘മംഗള, മാവേലി എക്സ്പ്രസുകൾ ഉൾപ്പെടെ കോവിഡിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം’; പ്രമേയം പാസാക്കി നഗരസഭാ കൗൺസിൽ 


കൊയിലാണ്ടി: വിവിധ ട്രെയിനുകൾക്ക് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ പ്രമേയം പാസാക്കി. നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ.അജിത്ത് അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർ കേളോത്ത് വത്സരാജ് പിന്താങ്ങി.

ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.സത്യൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ കെ.ഷിജു, വി.പി.ഇബ്രാഹിം കുട്ടി, പി.രത്നവല്ലി, കെ.കെ.വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.

ദിവസവും വൈകീട്ട് 5:30 ന് എത്തുന്ന 12617 നമ്പറിലുള്ള എറണാകുളം-നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നിലവിൽ കൊയിലാണ്ടിയിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും തിരിച്ച് പോകുന്ന 12618 നമ്പറിലുള്ള നിസാമുദ്ദീൻ-എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് ഇപ്പോൾ കൊയിലാണ്ടിയിൽ സ്റ്റോപ്പില്ല. കോവിഡിന് മുമ്പ് ഈ ട്രെയിനിന് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരം വരെ പോകുന്ന 16604 നമ്പറിലുള്ള മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ ഇപ്പോൾ സ്റ്റോപ്പ് ഇല്ല. കൂടാതെ പ്രതിവാര വണ്ടികളായ തിരുവനന്തപുരം-വേരാവൽ എക്‌സ്പ്രസ് (നമ്പര്‍ 16334), നാഗര്‍കോവില്‍-ഗാന്ധിദാം എക്‌സ്പ്രസ് (നമ്പര്‍ 16336), കൊച്ചുവേളി-ശ്രീഗംഗാനഗര്‍ എക്‌സ്പ്രസ്സ് (നമ്പര്‍ 16312) എന്നീ ട്രെയിനുകളുടെ ഒരു വശത്തേക്കുള്ള സ്റ്റോപ്പും ഇപ്പോൾ കൊയിലാണ്ടിയിൽ ഇല്ല.

കോവിഡിന് മുമ്പ് സ്റ്റോപ്പ് ഉണ്ടായിരുന്ന ഈ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ വീണ്ടും സ്റ്റോപ്പ് അനുവദിക്കണമെന്ന് നഗരസഭാ കൗൺസിൽ റെയിൽവേയോട് ആവശ്യപ്പെട്ടു. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്‍ര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യവും പ്രമേയത്തിൽ ഉന്നയിച്ചു.

ഈ വിഷയങ്ങളിൽ സത്വര നടപടി വേണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുന്ന പ്രമേയമാണ് കൊയിലാണ്ടി നഗരസഭാ കൗൺസിൽ പാസാക്കിയത്. മേൽപ്പറഞ്ഞ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ കൊയിലാണ്ടിയിലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. പ്രതിദിനം നാലായിരത്തിലേറെ യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കൊയിലാണ്ടിയിലേത്.