പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്‌നേഹാരാമങ്ങളും നിര്‍മ്മിച്ചതിന് അംഗീകാരം; സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് കൊയിലാണ്ടി നഗരസഭയ്ക്ക് ക്ഷണം


കൊയിലാണ്ടി: പൊതുസ്ഥലങ്ങള്‍ ഹരിതാഭമാക്കി പാര്‍ക്കുകളും സ്‌നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പാര്‍ക്കുകളും മറ്റും നിര്‍മ്മിച്ചത്.

പഴയ ബസ്റ്റാന്‍ഡിന് മുന്‍വശത്തായി ഹൈവേയോട് ചേര്‍ന്ന ‘ഹാപ്പിനസ് പാര്‍ക്ക് ‘, കൊടുക്കാട്ടുമുറി പുഴയോരത്ത് നിര്‍മ്മിച്ച ‘ജൈവവൈവിധ്യ പാര്‍ക്ക് ‘,സിവില്‍ സ്റ്റേഷന് സമീപത്ത് നിര്‍മ്മിച്ച ‘സ്‌നേഹാരാമം’,ബസ്റ്റാന്‍ഡ് പരിസരത്ത് യുഎ കാദറിന്റെ പേരിലുള്ള ‘യു എ സാംസ്‌കാരിക പാര്‍ക്ക്’, ബസ് സ്റ്റാന്‍ഡിന്റെ തെക്കുഭാഗത്തായി നിര്‍മ്മിച്ച ‘സായാഹ്ന പാര്‍ക്ക് ‘ എന്നിവയാണ് നഗരത്തിലെ പാര്‍ക്കുകള്‍.

മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലങ്ങളെ വൃത്തിയാക്കി മനോഹരങ്ങളായ 5 പാര്‍ക്കുകളാണ് കൊയിലാണ്ടി നഗരസഭ ഒരു വര്‍ഷത്തിനുള്ളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണികഴിപ്പിച്ചിട്ടുള്ളത്. നഗരസഭയുടേയോ സര്‍ക്കാരിന്റയോ ഫണ്ടുകളില്ലാതെ 5 പാര്‍ക്കുകളും കൊയിലാണ്ടിയിലെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

എല്ലാ പാര്‍ക്കുകളിലും ചെടികള്‍ നട്ട് മനോഹരമാക്കുകയും, വൈദ്യുത വിളക്കുകളാല്‍ ദീപാലങ്കൃതമാക്കുകയും, ആളുകള്‍ക്ക് ഇരിക്കുന്നതിന് ഇരിപ്പിടങ്ങളും, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് വിവിധ പാര്‍ക്കുകളില്‍ ഒഴിവ് സമയം ചെലവഴിക്കുന്നതിന് പാര്‍ക്കുകളില്‍ എത്തുന്നത്.


ഹരിത കേരളം മിഷന്‍ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് നടത്തുന്ന പരിസ്ഥിതി സംഗമത്തിലേക്ക് കൊയിലാണ്ടി നഗരസഭയെ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പരിസ്ഥിതി സംഗമം ഉദ്ഘാടനം ചെയ്യും. ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തികള്‍ തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അവരുടെ അനുഭവങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാതൃകകള്‍ പങ്കുവെക്കാനാണ് ഹരിത കേരള മിഷന്‍ വേദിയൊരുക്കുന്നത്.

Summary: koyilandy Municipality has been recognized for making public spaces green and creating parks and love gardens..