ട്രെയിന്‍ യാത്രക്കാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന വഴി; കൊയിലാണ്ടി ജലസേചന പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിന്റെ ചുറ്റുമതില്‍ ഏത് സമയവും തകര്‍ന്ന് വീഴാമെന്ന നിലയില്‍


കൊയിലാണ്ടി: മിനി സിവില്‍ സ്റ്റേഷന് സമീപം കുറ്റ്യാടി ജലസേചന പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിന്റെ ചുറ്റുമതില്‍ അപകടാവസ്ഥയില്‍. ഏതുനിമിഷവും റോഡില്‍ വീണ് അപകടം സൃഷ്ടിക്കാമെന്ന തരത്തിലാണ് മതിലിന്റെ നിലവിലെ അവസ്ഥ. ഏതാണ്ട് 30 മീറ്ററോളം നീളമുള്ള മതിലാണിത്.

മൂടാടി, മുചുകുന്ന്, കീഴരിയൂര്‍, വിയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് നിത്യേന ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നതും, പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ബി.ഇ.എം യു.പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികളും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.

മതില്‍ അപകടാവസ്ഥയിലായതിനാല്‍ ഇവിടെ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.