ശാസ്ത്രമേളയ്ക്കിടെ കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെ നൽകി; കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ മില്‍മ ബൂത്തുകാരന്‍ പി.ഷാജുവിന് അഭിനന്ദന പ്രവാഹം


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നടക്കുന്ന ജില്ലാ സ്‌ക്കൂള്‍ ശാസ്ത്രമേളയ്ക്കിടെ വീണു കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കി മില്‍മ ബൂത്തുകാരന്‍ മാതൃകയായി. കൊയിലാണ്ടി സ്‌റ്റേഡിയത്തിലെ മില്‍മ ബൂത്തുകാരനായ പി.ഷാജുവാണ് കടയുടെ മുന്നില്‍ നിന്നും വീണു കിട്ടിയ രണ്ടര പവന്‍ വരുന്ന സ്വര്‍ണ വളകള്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

മകളെയും കൊണ്ട് ശാസ്ത്ര മേളയ്‌ക്കെത്തിയ വടകര പുറങ്കര മുട്ടുങ്ങവളപ്പില്‍ പി.എം ലിജിയുടേതായിരുന്നു വളകള്‍. രാവിലെ 11.30 ഓടെയായിരുന്നു വളകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ലിജി ഗ്രൗണ്ടിലെ അനൗണ്‍സ്‌മെന്റ് വിഭാഗത്തിലെത്തി കാര്യ പറഞ്ഞു. തുടര്‍ന്ന് സ്വര്‍ണാഭരണം നഷ്ടമായത് അനൗണ്‍സ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഷാജുവിന് കടയുടെ മുന്നില്‍ നിന്നും വള ലഭിച്ചത്.

തുടര്‍ന്ന് വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കലിൻ്റെയും, പ്രധാനാധ്യാപിക അജിതയുടെയും സാന്നിധ്യത്തിൽ വള ലിജിയെ ഏല്‍പ്പിച്ചു. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ അധികൃതരും സ്കൂൾ പി.ടി.എയും ഷാജുവിനെ അഭിനന്ദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി കൂടിയാണ് ഷാജു.