ചെലോലത് റെഡിയാകും, ചെലോലത് റെഡിയാകൂല! കേന്ദ്രത്തിന്റെ ‘ദുരന്ത മുന്നറിയിപ്പ് പരീക്ഷണം’ ഏറ്റെടുത്ത് ട്രോളന്മാർ


തിരുവനന്തപുരം: കേരളത്തില്‍ പുതിയതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈല്‍ ഫോണുകളില്‍ ഇന്നു ലഭിച്ച ടെസ്റ്റ്‌ അലേര്‍ട്ടുകള്‍ ആഘോഷമാക്കി സമൂഹ മാധ്യമങ്ങള്‍. ട്രോള്‍ പേജുകളിലാണ് എമ
ര്‍ജന്‍സി അലേര്‍ട്ട് ലഭിച്ച സന്ദേശം സ്‌ക്രീന്‍ ഷോട്ടടക്കം എടുത്ത് പങ്കുവെച്ച് പലരും ആഘോഷമാക്കിയത്‌. എന്നാല്‍ രാവിലെ മുതല്‍ കാത്തിരുന്നിട്ടും മെസേജ് ലഭിക്കാത്തവരും അവരുടെ വിഷമം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ(എന്‍ഡിഎംഎ) വിന്യസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പുതിയ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു അലേര്‍ട്ട്. ഇതു സംബന്ധിച്ച് ഇന്നലെ കേന്ദ്ര ടെലികോം വകുപ്പ് ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു. സെല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളില്‍ ചൊവ്വാഴ്ച ടെസ്റ്റ് അലേര്‍ട്ടുകള്‍ ലഭിച്ചേക്കാമെന്നും, മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിച്ചേക്കാമെന്നുമായിരുന്നു അറിയിപ്പ്. പിന്നാലെ ട്രോളന്മാര്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്‌. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുന്ന സമയത്ത് ഫലപ്രദമായി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് ലക്ഷ്യം.

ഏത് മൊബൈല്‍ നെറ്റ്വര്‍ക്ക് ആണെങ്കിലും അത് പരിഗണിക്കാതെ ഒരു പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും സന്ദേശങ്ങള്‍ അയക്കാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയായിരുന്നു ടെസ്റ്റ് അലേര്‍ട്ടിന്റെ ലക്ഷ്യം.

ഇന്ത്യാ ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി അയച്ച സാമ്പിൾ സന്ദേശമാണിത്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു പ്രവർത്തനവും ആവശ്യമില്ലാത്തതിനാല്‍ ദയവായി ഈ സന്ദേശം അവഗണിക്കുക എന്നതായിരുന്നു ടെസ്റ്റ് അലേര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പും ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സന്ദേശം ഉപയോക്താക്കള്‍ക്ക് ലഭിച്ചിരുന്നു.