വാഴയില കുപ്പായവും ചകിരിമീശയും വെള്ളരിക്കമ്മലും അണിഞ്ഞ് പണ്ടാട്ടിയെത്തി, ചാക്കുമായി കൂടെ പണ്ടാരവും; പതിവ് തെറ്റിക്കാതെ കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ പണ്ടാട്ടി വരവെത്തിയപ്പോള്‍


കൊയിലാണ്ടി: ആണ്ടിലൊരിക്കല്‍ വിഷുദിനം വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റു കൊരയങ്ങാട് തെരുനിവാസികള്‍. വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിന്റെ തുടക്കം. ഉണങ്ങിയ വാഴയില കൊണ്ട് വേഷം ധരിച്ച് വെള്ളരി വട്ടത്തില്‍ അരിഞ്ഞ്, കാതില്‍ അണിഞ്ഞ് വാഴയില കൊണ്ട് തന്നെ തലയില്‍ കിരീടവും ചൂടി, ചികരികൊണ്ട് മീശയും വെച്ചാണ് പണ്ടാട്ടി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുക. ഒപ്പം ചാക്കുമായി പണ്ടാരവും.

ആദ്യം കാരണവന്മാരുടെ വീടുകളില്‍ കയറും വീടുകളില്‍ പുല്‍പ്പായ വിരിച്ച് നിലവിളക്കും, കണിവെള്ളരിയും, നാളീകേരവും, വെക്കും. വീടുകളില്‍ പണ്ടാട്ടി കയറിയാല്‍ ചക്ക കായ് കൊണ്ടുവാ, മാങ്ങാ കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ടു വാ എന്ന് പണ്ടാട്ടി വിളിച്ചു പറയും. ഇത് പണ്ടാട്ടിയോടൊപ്പമുള്ളവര്‍ ഏറ്റുവിളിക്കും. ഒടുവില്‍ വെള്ളരിയും, നാളികേരവും, പണ്ടാട്ടി യോടൊപ്പമുള്ള പണ്ടാരം ചാക്കില്‍ കൊണ്ട് പോകും.

പണ്ടാട്ടി വീടുകളില്‍ കയറുമ്പോള്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് പതിവാണ്. ശിവനും പാര്‍വ്വതിയും, വേഷപ്രച്‌നരായി പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ എത്തുകയാണെന്നാണ് പണ്ടാട്ടി വരവിന്റെ ഐതീഹ്യം. പണ്ടാട്ടി വരവ് കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുക. ഒടുവില്‍ പണ്ടാട്ടി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തുന്നതോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. വര്‍ഷങ്ങളായി നടത്തി വരുന്ന പണ്ടാട്ടി വരവ് പ്രൗഢിയോടെ തന്നെയാണ് ആഘോഷിക്കുന്നത്.