കാപ്പാട് ബീച്ചില്‍ അവശനിലയിലായിരുന്ന കുതിര ചത്തു; ചത്തത് പേപ്പട്ടിയുടെ കടിയേറ്റ നിരീക്ഷണത്തിലിരിക്കെ
കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിര ചത്തു. മൂന്നുദിവസത്തോളമായി അവശനിലയിലായിരുന്ന കുതിര ഇന്ന് രാവിലെയാണ് ചത്തത്. കുതിരയ്ക്ക് പേവിഷബാധയാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് സ്ഥലത്തെത്തി കുതിരയുടെ തലയിലെ സാമ്പിളുകള്‍ ശേഖരിച്ച ശേഷമേ മറവുചെയ്യാനുള്ള നടപടികളുണ്ടാവൂവെന്ന് പഞ്ചായത്ത് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തലച്ചോറില്‍ നിന്നുളള സാമ്പിള്‍ പരിശോധിച്ചാലേ കുതിരയ്ക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതവരൂ.
കഴിഞ്ഞമാസം 19നാണ് കുതിരയ്ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. തുടര്‍ന്ന് അഞ്ച് ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നു. കുറച്ചുദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞെങ്കിലും ഓണനാളുകളില്‍ കാപ്പാട് സവാരിയ്ക്കായി ഉപയോഗിച്ചിരുന്നു. വീണ്ടും ക്ഷീണം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കുതിര ചത്തത്.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞദിവസം വരെ കുതിര. കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരുന്നു.