കോവിഡ് പ്രതിസന്ധിക്കാലത്ത് ഡെപ്യൂട്ടി കലക്ടറെന്ന നിലയില്‍ നടത്തിയത് കാര്യക്ഷമമായ ഇടപെടല്‍; കൊയിലാണ്ടി മുന്‍ തഹസില്‍ദാര്‍ റംലയിലൂടെ നഷ്ടമായത് നാടിന്റെ ജനകീയ മുഖം
കൊയിലാണ്ടി: കോവിഡ് പോലൊരു പ്രതിസന്ധിയിലൂടെ ജില്ല കടന്നുപോകുമ്പോള്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലയില്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എന്‍.റംല. റവന്യൂ വകുപ്പില്‍ ഡപ്യൂട്ടി കലക്ടര്‍ ആയിരിക്കുമ്പോഴും നാട്ടുകാരുടെ പ്രിയങ്കരി. ഏറെക്കാലം കൊയിലാണ്ടി തഹസില്‍ദാറും പിന്നീട് ഡെപ്യൂട്ടി കലക്ടറുമായിരുന്ന റംല ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കോവിഡ് പോലൊരു പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇതിനെ അതിജീവിക്കാന്‍ കാര്യക്ഷമവും നൂതനവുമായ കോവിഡ് മാനേജ്‌മെന്റ് സംവിധാനം ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജില്ലയിലായിരുന്നു കോഴിക്കോട്. ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലയില്‍ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അതിന്റെ പുരോഗതി വിലയിരുത്തുന്നതിലും അവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം കൂട്ടുന്ന സമീപനങ്ങള്‍ സ്വീകരിച്ച് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലയിലും അവര്‍ കയ്യടി നേടി.
ഡപ്യൂട്ടി കലക്ടര്‍ എന്ന നിലയിലും ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്ന നിലയിലുമുള്ള തന്റെ ഉത്തരവാദിത്തങ്ങള്‍ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന് നിറവേറ്റിയ വ്യക്തിയായിരുന്നു റംലയെന്നാണ് കോഴിക്കോട് മുന്‍ കലക്ടറായിരുന്ന സാംബശിവ റാവു അനുസ്മരിച്ചത്. ടീമിനെ രൂപപ്പെടുത്താനുള്ള അവരുടെ കഴിവും പോസിറ്റീവ് മനോഭാവവുമാണ് റംലയുടെ എല്ലാ വിജയങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം വിലയിരുത്തി.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് റംല ജനിച്ചത്. വയനാട് ജില്ലയില്‍ തന്നെ റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായാണ് സര്‍വ്വീസ് തുടങ്ങിയത്. പിന്നീട് കോഴിക്കോട് ജില്ലയിലെ വിവിധ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍ തസ്തികകളില്‍ ജോലി ചെയ്തു. കൊയിലാണ്ടി വിയ്യൂര്‍ വില്ലേജ് ഓഫീസില്‍ കുറച്ചുകാലം വില്ലേജ് ഓഫീസറായിരുന്നു. 2016ലാണ് കൊയിലാണ്ടി തഹസില്‍ദാറുടെ ചുമതലയേറ്റെടുത്തത്. ഡപ്യൂട്ടി കലക്ടറായി പ്രമോഷന്‍ നേടി പോകുംവരെ ഇവിടെ തുടര്‍ന്നു.
2009 സെപ്തംബറിലാണ് റംല സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറായിരിക്കെയായിരുന്നു ഇത്.
റംലയുടെ ഖബറടക്കം ഇന്നലെ ചെറുവൊടി ജുമാമസ്ജിദില്‍ നടന്നു. വന്‍ ജനാവലിയാണ് അവരെ അവസാനമായി ഒരുനോക്കുകാണാനെത്തിയത്. തുടര്‍ന്ന് പള്ളിയങ്കണത്തില്‍ അനുശോചന യോഗവും സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ പി.ജമാല്‍ അധ്യക്ഷനായി. എം.കെ.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.